Latest News

ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണുമടങ്ങിയ കവര്‍ തട്ടിപ്പറിച്ച പ്രതി അറസ്റ്റില്‍

ചേളന്നൂര്‍ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീന്‍ ആണ് കാക്കൂര്‍ പോലിസിന്റെ പിടിയിലായത്.

ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണുമടങ്ങിയ കവര്‍ തട്ടിപ്പറിച്ച പ്രതി അറസ്റ്റില്‍
X

കാക്കൂര്‍: ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണുമടങ്ങിയ കവര്‍ തട്ടിപ്പറിച്ച പ്രതി അറസ്റ്റില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീന്‍ ആണ് കാക്കൂര്‍ പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23ന് കണ്ണങ്കര മനോജ് ഇന്‍ഡസ്ട്രിസിനു മുന്‍വശത്തു വെച്ചാണ് വയോധികയുടെ പണവും മൊബൈല്‍ ഫോണും തൊഴിലുറപ്പ് കാര്‍ഡുകളുമുള്‍പ്പെട്ട കവര്‍ ബൈക്കിലെത്തി ഇയാള്‍ തട്ടിപ്പറിച്ചു കടന്നു കളഞ്ഞത്.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചേളന്നൂര്‍ പഞ്ചായത്തോഫിസില്‍ പോയി മടങ്ങി വരികയായിരുന്ന വയോധികയുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും രേഖകളുമടങ്ങിയ കവര്‍ പിറകിലൂടെ ബൈക്കിലെത്തിയ പ്രതി തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും അമ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സംഭവം കണ്ട് പ്രതിയെ ബുള്ളറ്റില്‍ സാഹസികമായി പിന്തുടര്‍ന്ന ചാലില്‍ താഴം സ്വദേശി ഷിബിന്‍ നല്‍കിയ വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലിസ് പിടികൂടിയത്. പ്രതി രക്ഷപ്പെട്ട വഴി പരിശോധിച്ചതില്‍ നിന്നും പ്രതി സ്ഥലത്തെ ഊടുവഴികള്‍ അറിയാവുന്ന നാട്ടുകാരന്‍ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് മേല്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി സ്ഥലത്തെ നൂറോളം വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയും, കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ചേളന്നൂര്‍ അഞ്ചാം വളവില്‍ വെച്ച് കാക്കൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ മോട്ടോര്‍ സൈക്കിള്‍ സഹിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ വയോധികയില്‍ നിന്നും തട്ടിപ്പറിച്ച തൊഴില്‍ കര്‍ഡുകളും രേഖകളും പെഴ്‌സും ആധാര്‍ കാര്‍ഡും അടങ്ങിയ കവര്‍ ഇച്ചന്നൂര്‍ എയുപി സ്‌കൂളിന് സമീപത്തുള്ള വയലില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തു.

വയോധികയുടെ മൊബൈല്‍ ഫോണ്‍ കോഴിക്കോട് മാവൂര്‍ റോഡിലെ മൊബൈല്‍ ഷോപ്പില്‍ വിറ്റതായും പ്രതി സമ്മതിച്ചു. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കാക്കൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജന്‍, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിജു, കാക്കൂര്‍ സ്‌റ്റേഷനിലെ എസ്‌സിപിഒ മുഹമ്മദ് റിയാസ്, സിപിഒ സുബീഷ്ജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it