Latest News

കൊട്ടിക്കലാശം; മുന്നണികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം മറികടന്നത് റോഡ് ഷോയിലൂടെ

ഇനി നിശബ്ദപ്രചാരണം

കൊട്ടിക്കലാശം; മുന്നണികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം മറികടന്നത് റോഡ് ഷോയിലൂടെ
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും റോഡ് ഷോ നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് മുന്നണികള്‍ മറികടന്നു. റോഡ് ഷോ എന്ന പേരില്‍ വമ്പിച്ച പ്രചാരണപരിപാടികളാണ് മുന്നണികളും പാര്‍ട്ടികളും നടത്തിയത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ റോഡ് ഷോ നടത്തിയത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി, നേമത്ത് രാഹുല്‍ ഗാന്ധി, നെടുങ്കണ്ടത്ത് രമേശ് ചെന്നിത്തല, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ റോഡ് ഷോകളില്‍ സജീവമായിരുന്നു. ബൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നുവെങ്കിലും പലയിടത്തും ബൈക്ക് റാലി നടന്നു. റോഡ് ഷോക്ക് മുന്നിലും ബുള്ളറ്റുകളുടെ നീണ്ട നിരയുണ്ടായിരുന്നു. നിരോധനം കാറ്റില്‍ പറത്തി നെടുമങ്ങാട് ബിജെപി സ്ഥാനാര്‍ഥി ജെ ആര്‍ പത്മകുമാറിന്റെ റോഡ് ഷോയില്‍ ബൈക്കുകള്‍ ഉപയോഗിച്ചിരുന്നു.

മണ്ഡലം കേന്ദ്രങ്ങളില്‍ കഴിഞ്ഞ് കാലങ്ങളില്‍ കൊട്ടിക്കലാശം നടന്ന സ്ഥലങ്ങളിലെല്ലാം ഇക്കുറി റോഡ് ഷോ എന്ന പേരില്‍ കലാശക്കൊട്ട് നടന്നിരുന്നു. എല്ലാ പാര്‍ട്ടികളും റോഡ് ഷോ അത്യാവേശത്തില്‍ തന്നെയാണ് ഇക്കുറി നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇക്കുറി പരസ്യപ്രചാരണ മാമാങ്കം നടന്നത്. പത്തനം തിട്ടയില്‍ ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് സംഘര്‍ഷം നടന്നിരുന്നു. നെയ്യാറ്റിന്‍കര, പാറശ്ശാല, കരുന്നാഗപ്പള്ളി, അഞ്ചല്‍, ചെറുതോണി എന്നിവിടങ്ങളില്‍ റോഡ് ഷോക്കിടെ സംഘര്‍ഷം നടന്നിരുന്നു.

നേമം മണ്ഡലത്തില്‍ നേരത്തെ പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് നിരീക്ഷണത്തിലായതിനാല്‍, പകരം രാഹുല്‍ ഗാന്ധി നേമത്ത് എത്തി. ഓട്ടോ റിക്ഷയില്‍ സമ്മേളന സ്ഥലത്തെത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, വീണ നായര്‍, ഡോ. എസ്എസ് ലാല്‍, വിഎസ് ശിവകുമാര്‍ തുടങ്ങിയവരും രാഹുലിന്റെ വേദിയിലുണ്ടായിരുന്നു. പൊതു സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നേമം മണ്ഡലത്തില്‍ നടന്നു. ഇടതു മുന്നണി പ്രവര്‍ത്തകര്‍ വമ്പിച്ച റോഡ് ഷോ ആണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ നടത്തിയത്.

Next Story

RELATED STORIES

Share it