Latest News

അന്വേഷണഭീതിയില്‍ പിണറായി വിജയന്‍ കെട്ടുകഥ മെനയുന്നുവെന്ന് ആര്‍എംപിഐ

അന്വേഷണഭീതിയില്‍ പിണറായി വിജയന്‍ കെട്ടുകഥ മെനയുന്നുവെന്ന് ആര്‍എംപിഐ
X

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കള്ളക്കടത്ത്-കള്ളപ്പണ അഴിമതി ഇടപാടുകളിലെ അന്വേഷണം വിശ്വസ്തരിലൂടെ തന്നിലേക്കെത്തുമെന്ന ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടുകഥ മെനയുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു. തന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടത്തുന്ന അന്വേഷണം ആര്‍എംപിഐക്കാര്‍ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിലാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണ്. അഴിമതിയുടേയും ക്രമക്കേടുകളുടേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും മാഫിയാ ഏര്‍പ്പാടുകളുടേയുമെല്ലാം ആസൂത്രണകേന്ദ്രമാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസെന്ന് അനുദിനം പുതിയ പുതിയ തെളിവുകളോടെ കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. തന്റെ ഏറ്റവും വിശ്വസ്തനായ സി എം രവീന്ദ്രന്‍ ഇ ഡിയുടെ പിടിയിലാവുന്നതിനെ കുറിച്ചോര്‍ത്തുള്ള ഭയപ്പാടില്‍ മുഖ്യമന്ത്രിയുടെ മനോനില തെറ്റിയിരിക്കുകയാണെന്നും എന്‍.വേണു പറഞ്ഞു.

മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് ഒളിച്ചുവെയ്ക്കാനും മറച്ചുവെക്കാനും ഏറെകാര്യങ്ങളുണ്ടെന്നും മടിയില്‍ കനമുണ്ടെന്നും തന്നെയാണ് ഇവരുടെ പ്രതികരണങ്ങളില്‍ നിന്ന് കേരളത്തിന് പകല്‍ പോലെ വ്യക്തമാവുന്നത്. ഗുരുതര ആരോപണങ്ങളില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുന്ന മുഖ്യമന്ത്രി തദ്ദേശ ഭരണതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയതാണോ, അതോ തിരിച്ചടി ഭയന്ന് സിപിഎം അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതാണോയെന്ന് പാര്‍ട്ടി നേതൃത്വമാണ് വ്യക്തമാക്കേണ്ടത്. പുകള്‍പ്പെറ്റ നവോത്ഥാന പാരമ്പര്യവും അഭിമാനകരമായ തൊഴില്‍സംസ്‌കാരവുമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെന്ന മഹത്തായ പ്രസ്ഥാനത്തെ തങ്ങളുടെ വഴിവിട്ട ഇടപാടുകളുടെ മറയാക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ തുറന്നുകാട്ടപ്പെടുക തന്നെവേണം. സിപിഎം നേതൃത്വത്തിന്റെ അവിശുദ്ധ ഇടപാടുകളേയും വ്യതിയാനങ്ങളേയും കുറിച്ച് ആര്‍എംപിഐ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കാലം കൃത്യവും വ്യക്തവുമായ തെളിവുകള്‍ കൊണ്ട് അടിവരയിടുകയാണെന്നും എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it