Latest News

ഇപോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയര്‍ന്നു

ഡിസംബറില്‍ 33 രൂപ ആയിരുന്ന കുത്തരി ജനുവരിയില്‍ 44 രൂപയ്ക്കാണ് വില്‍ക്കുന്നത്. പതിനൊന്ന് രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്

ഇപോസ് മെഷീന്‍ തകരാര്‍: റേഷന്‍ വിതരണം മുടങ്ങിയതോടെ സംസ്ഥാനത്ത് അരി വില കുത്തനെ ഉയര്‍ന്നു
X

തിരുവനന്തപുരം: ഇ പോസ് മെഷീനുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയിലായി. മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം മുടങ്ങി. പലയിടത്തും റേഷന്‍ സാധനം വാങ്ങാന്‍ ആളെത്തുമ്പോഴും ഇ പോസ് മെഷിന്‍ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.

പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷന്‍ കടയുടമകളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി ഭക്ഷ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. എന്‍ഐസിയ്ക്കാണ് സോഫ്‌റ്റ്വെയര്‍ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫിസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോഴും സാങ്കേതികതകരാറ് പരിഹരിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആവര്‍ത്തിക്കുന്നത്.

ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീന്‍ പണിമുടക്കുന്നത്. തകരാര്‍ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രധാന പരാതി. സെര്‍വര്‍ തകരാറിലയാതോടെ കടകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടിവരുമെന്നാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

അതേസമയം, റേഷന്‍ വിതരണം തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ക്ക് ജനുവരി ഒന്നുമുതല്‍ വില വര്‍ധിച്ചിരിക്കുകയാണ്. സപ്ലൈകോയില്‍ ഡിസംബര്‍ അവസാനം സബ്‌സിഡിയില്ലാതെ കുത്തരി വിറ്റത് 33 രൂപയ്ക്കായിരുന്നു. ജനുവരിയില്‍ 44 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതായത് പതിനൊന്ന് രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. പൊതുവിപണിയില്‍ അരി വില 50 കടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ റേഷന്‍ വിതരണം മുടങ്ങിയാല്‍ അത് ഉണ്ടാക്കുന്ന പ്രതിസന്ധി രൂക്ഷമായിരിക്കും. ഇത് പലയിടങ്ങളിലും കടയുമകളുമായി സംഘര്‍ഷങ്ങള്‍ക്കുവരെ കാരണമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it