Latest News

ശ്വാസകോശ അണുബാധ; ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ

ശ്വാസകോശ അണുബാധ; ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
X

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം.

ലോകമെമ്പാടും കോവിഡ്, ഇന്‍ഫഌവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ കൊവിഡ് കേസുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാല്‍ ആഘോഷ സമയമായതിനാലും പുതിയ വകഭേദങ്ങള്‍ വരികയാണെങ്കിലും കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്.

അതിനാല്‍, വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാന്‍ വേണ്ടിയാണ് മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമതുമ്മല്‍, വായൂ സഞ്ചാരമുള്ള മുറികള്‍ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഇന്‍ഫഌവന്‍സയുടെ രോഗലക്ഷണങ്ങളും കോവിഡിന്റെ രോഗലക്ഷണങ്ങളും സമാനമാണ്.

ഇത് കൂടുതല്‍ തീവ്രമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗമുള്ളവരേയുമാണ്. കോവിഡ് മരണങ്ങളിലും ഇത് കാണാവുന്നതാണ്. വൈറസുകള്‍ കാരണമുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്തുന്നത്.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം.

പ്രായമായവരും രോഗമുള്ളവരും നിര്‍ബന്ധമായും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കണം.

കൊവിഡ്, ഇന്‍ഫഌവന്‍സ തുടങ്ങിയ ശ്വാസകോശ അണുബാധകള്‍ കൂടുതലായി പകരാന്‍ സാധ്യതയുള്ളത് ക്ലോസ്ഡ് സ്‌പേസ്, ക്രൗഡഡ് പ്ലൈസസ്, ക്ലോസ് കോണ്ടാക്ട് എന്നീ സാഹചര്യങ്ങളിലാണ്. ഈ സാഹചര്യങ്ങളില്‍ (ഉദാ: അടച്ചിട്ട മുറികള്‍, മാര്‍ക്കറ്റുകള്‍കടകള്‍ പോലുള്ള തിരക്കുള്ള സ്ഥലങ്ങള്‍, മുഖാമുഖം വരിക) നിര്‍ബന്ധമായും ഔഷധേതര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്.

എല്ലാ പ്രായമായവരും രോഗാവസ്ഥയുള്ളവരും കോവിഡ് മുന്‍കരുതല്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. കാരണം വാക്‌സിനേഷന്‍ കോവിഡിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കും.

ശരിയായ വായു സഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.

അനിയന്ത്രിതമായ പ്രമേഹമുള്ള ആളുകള്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാക്കുക.

കൊവിഡ് ബാധിതരായ എല്ലാ രോഗികളിലും നിര്‍ബന്ധമായും പ്രമേഹ പരിശോധന നടത്തണം.

ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക.

Next Story

RELATED STORIES

Share it