Latest News

ഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി പരിശോധിക്കും

ഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി പരിശോധിക്കും
X

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പുനപ്പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാലംഗ വിദഗ്ധസമിതിയാവും ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പരിശോധിക്കുക. പ്രബന്ധത്തിനെതിരേ വന്ന പരാതി വിശദമായി പരിശോധിക്കാനാണ് തീരുമാനം. വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയതും ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം കോപ്പിയടിച്ചെന്ന പരാതിയുമാണ് സമിതി അന്വേഷിക്കുക.

ചിന്തയുടെ ഗവേഷണ ബിരുദം പുനപ്പരിശോധിക്കണമെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വിസിക്കും നല്‍കിയ നിവേദനത്തിലാണ് ആവശ്യമുയര്‍ത്തിയത്. പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിര്‍ണയം നടത്തിയവരുടെ റിപോര്‍ട്ടുകളും ഓപണ്‍ ഡിഫന്‍സിന്റെ രേഖകളും ഉടനടി ഹാജരാക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രബന്ധങ്ങളും സര്‍വകലാശാലയ്ക്ക് പുറത്തുള്ള നാല് വിദഗ്ധര്‍ക്ക് അയച്ചുകൊടുത്ത് പരിശോധിപ്പിക്കണമെന്നും ഇതില്‍ മൂന്നുപേര്‍ അംഗീകരിച്ചാല്‍ പ്രബന്ധം സ്വീകരിക്കാമെന്നുമാണ് ചട്ടം. ഇതിന്റെ വിവരങ്ങളാണ് വിസി തേടിയത്. പ്രബന്ധത്തില്‍ ഗുരുതര തെറ്റുണ്ടെന്ന പരാതിയില്‍ നിയമപ്രകാരമുള്ള നടപടികളെടുക്കുമെന്നും, നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ'' എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല ചിന്താ ജെറോമിന് 2021 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ബിരുദം നല്‍കിയത്. കേരള മുന്‍ പിവിസി ഡോ:പി പി അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തില്‍ സമര്‍ഥിച്ചതും ഓണ്‍ലൈന്‍ മാധ്യമത്തിലെ ലേഖനം കോപ്പിയടിച്ചതും ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയാണ് വിസിക്ക് പരാതി നല്‍കിയത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ, മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് ഗവേഷണ ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തതെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it