Latest News

' ഇന്ത്യാ അധിനിവേശ കശ്മീര്‍' പരാമര്‍ശം; വെബിനാര്‍ നിര്‍ത്തിവെപ്പിച്ച് ജെഎന്‍യു അധികൃതര്‍

 ഇന്ത്യാ അധിനിവേശ കശ്മീര്‍ പരാമര്‍ശം; വെബിനാര്‍ നിര്‍ത്തിവെപ്പിച്ച് ജെഎന്‍യു അധികൃതര്‍
X

ന്യൂഡല്‍ഹി: കശ്മീരിനെ, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിച്ചതിന് സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസ് നടത്തിയ വെബിനാര്‍ ജെഎന്‍യു അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു. വൈസ് ചാന്‍സ്‌ലര്‍ ജഗ്ദീശ് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. വെള്ളിയാഴ്ച വൈകീട്ടാണ് സെമിനാര്‍ നടന്നത്. സെമിനാര്‍ സംഘാടകര്‍ക്കെതിരേ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ പരാതിയും നല്‍കിയിട്ടുണ്ട്.

'2019നു ശേഷമുള്ള കശ്മീരിലെ വനിതാപ്രതിരോധവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസ് വെള്ളിയാഴ്ച നടത്തിയ വെബിനാറില്‍ ഇത്തരം പരാമര്‍ശം അറിഞ്ഞ ഉടന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതായി ജെഎന്‍യു വൈസ് ചാന്‍സ്‌ലര്‍ ജഗ്ദീശ് കുമാര്‍ പറഞ്ഞു.

വെബിനാറിലെ ചില പരാമര്‍ശങ്ങളോട് ചില അധ്യാപകരും വിദ്യാര്‍ത്ഥികളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ പ്രകോപനപരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വെബിനാറിന്റെ സംഘാടകര്‍ക്കെതിരേ ഡല്‍ഹിയിലെ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താനക്ക് പരാതി നല്‍കി. സെമിനാറിലെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരാണെന്നും വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഐപിസി 121 എ, 124 എ, 505 അനുസരിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സെമിനാറിന്റെ സ്‌ക്രീന്‍ ഷോട്ടും നല്‍കിയിട്ടുണ്ട്.

എബിവിപി അടക്കമുള്ള ചില വിദ്യാര്‍ത്ഥി സംഘടനകളും വെബിനാറിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it