Latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം; എന്‍ജിനീയര്‍മാരുടെ യോഗ്യത പരിശോധിച്ച് ബഹ്‌റയ്ന്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം; എന്‍ജിനീയര്‍മാരുടെ യോഗ്യത പരിശോധിച്ച് ബഹ്‌റയ്ന്‍
X

മനാമ: ബഹ്‌റയ്ന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു വിദേശ ജീവനക്കാരന്‍ വ്യാജ അക്കാദമിക് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രാലയത്തിലെ എല്ലാ വിദേശ എന്‍ജിനീയര്‍മാരുടെയും അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ സമഗ്രമായി പരിശോധിച്ചതായി വൈദ്യുതിജല കാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.

മന്ത്രി പാര്‍ലമെന്റ് അംഗം ഡോ. ഹിഷാം അശിരി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. വര്‍ഷങ്ങളോളം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിട്ടും ഇത് എങ്ങനെ കണ്ടെത്താനായില്ലെന്ന എംപിയുടെ ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്‍കി. നിയമന സമയത്ത് ഈ വ്യക്തിക്ക് ഈ മേഖലയിലെ ദീര്‍ഘകാല പ്രവൃത്തിപരിചയവും വിശ്വാസയോഗ്യമായ പ്രൊഫഷണല്‍ റഫറന്‍സുകളും ഉണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. അതിനാല്‍ അക്കാദമിക് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പ്രായോഗിക അനുഭവപരിചയത്തിനാണ് അതോറിറ്റി മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കരാര്‍ പുതുക്കുന്ന സമയത്തും ജോലിയുടെ ആവശ്യകതയും പ്രകടനവും അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍ നടത്തിയതെന്നും സര്‍ട്ടിഫിക്കറ്റുകളില്‍ സംശയം തോന്നിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീട് സര്‍ട്ടിഫിക്കറ്റില്‍ സംശയം ഉയര്‍ന്നതോടെ മന്ത്രാലയം സമഗ്രമായ പരിശോധന നടത്തി തട്ടിപ്പ് സ്ഥിരീകരിച്ചു. തുടര്‍ന്ന് 2023 ഒക്ടോബറില്‍ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

കേസില്‍ 2025 ആഗസ്റ്റ് 26നു കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനും ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും കര്‍ശനമായ നിരീക്ഷണം തുടരുമെന്നും ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it