Latest News

അനിഷ്ട സംഭവങ്ങള്‍ക്ക് മുസ്ലിം നേതാക്കള്‍ സ്വമേധയാ പിഴ നല്‍കിയതായും മാപ്പ് പറഞ്ഞതായും യുപി സര്‍ക്കാര്‍

പൊതുമുതല്‍ നശിപ്പിച്ചതിന് പോലിസ് 22 പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത 800 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ക്ക് മുസ്ലിം നേതാക്കള്‍ സ്വമേധയാ പിഴ നല്‍കിയതായും മാപ്പ് പറഞ്ഞതായും യുപി സര്‍ക്കാര്‍
X

ലഖ്‌നോ: ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹ്‌റില്‍ 6.5 ലക്ഷം രൂപയുടെ ചെക്ക് മുസ്ലിം നേതാക്കള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഏതാനും പേര്‍ ചേര്‍ന്ന് ഒരു ചെക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിന് പകരമായാണ് ചെക്ക് കൈമാറിയതെന്നും ഇതുസംബന്ധിച്ച വാര്‍ത്തയില്‍ കാണുന്നു. മുസാഫര്‍നഗറിലെ മുസ്ലിം പുരോഹിതര്‍ കഴിഞ്ഞ ദിവസം ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ മാപ്പ് പറഞ്ഞതായും വീഡിയോ അവകാശപ്പെട്ടു.

സര്‍ക്കാര്‍ അധീനതയിലുള്ള ഒരു വാഹനം പ്രക്ഷോഭകാരികള്‍ കത്തിച്ചതായും അനേകം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സര്‍ക്കാര്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പോലിസ് 22 പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത 800 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

മുഴുവന്‍ മുസ്ലിംസമൂഹവും പിഴ ഒടുക്കാനുള്ള ഫണ്ടിലേക്ക് സംഭാവന നല്‍കിയെന്നും മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ ആ പണം സമാഹരിച്ച് നല്‍കുകയാണെന്നുമാണ് മറ്റൊരു അവകാശവാദം. കൗണ്‍സിലറാണെന്ന് അവകാശപ്പെട്ട് ഹാജി അക്രം അലി എന്നയാളാണ് ഇക്കാര്യം പറയുന്നത്.

പുറത്തുവന്ന മറ്റൊരു ചിത്രത്തില്‍ മുസാഫര്‍നഗറിലെ മുസ്ലിം പുരോഹിതര്‍ അനിഷ്ടസംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നാണ് അവകാശപ്പെട്ടിട്ടുള്ളത്.

പ്രതിഷേധത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ പോലിസ് തന്നെ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പ്രതിഷേധങ്ങളെ കടുത്ത രീതിയിലാണ് പോലിസ് നേരിട്ടതെന്ന ആരോപണത്തെ ചെറുക്കുന്നതിന്റെ ഭാഗമാണോ ഇത്തരം വീഡിയോയും ചിത്രങ്ങളെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it