Latest News

ബജറ്റില്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച നിലയ്ക്ക് വാക്‌സിന്‍ ചാലഞ്ച് അനാവശ്യമെന്ന് രമേശ് ചെന്നിത്തല

ബജറ്റില്‍ സൗജന്യ  വാക്‌സിന്‍ പ്രഖ്യാപിച്ച നിലയ്ക്ക് വാക്‌സിന്‍ ചാലഞ്ച് അനാവശ്യമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം നടത്തിയ നിലയ്ക്ക് സിപിഎമ്മിന്റെ വാക്‌സിന്‍ ചാലഞ്ച് അനാവശ്യമാണെന്ന് രമേശ് ചെന്നിത്തല. അതേസമയം ഏത് സമയത്തും ആര്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുന്നത് ഏത് ഘട്ടത്തിലും സ്വാഗതാര്‍ഹമാണ്. ബഡ്ജറ്റില്‍ വലിയ അക്ഷരങ്ങളിലാണ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് എഴുതി വച്ചിരിക്കുന്നത്. അന്ന് വലിയ കയ്യടിയും കിട്ടി. ബജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ വെറുതെ പ്രഖ്യാപിക്കുകയല്ല ചെയ്യുക. അതിന്റെ പണവും നീക്കി വച്ചിട്ടുണ്ടാവും. ആ നിലയക്ക് സിപിഎം പ്രഖ്യാപിച്ച വാക്‌സിന്‍ ചലഞ്ചിന്റെ ആവശ്യമില്ല. വാക്‌സിനു വേണ്ടി പണം ചെലവാക്കിയാല്‍ മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോള്‍ അദ്ദേഹത്തെ അത് ഓര്‍മിപ്പിച്ചതേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊക്കെയാണെങ്കിലും കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുക തന്നെ വേണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അതിനെ നേരിടാനുള്ള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നും, ആവശ്യക്കാര്‍ക്ക് സഹായമെത്തിച്ചും യു.ഡി.എഫ്. പ്രവര്‍ത്തകരെ രംഗത്തിറക്കിയും പ്രതിപക്ഷം കൊവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളായി. രണ്ടാം തരംഗത്തിന്റെ ഈ നിര്‍ണ്ണായകഘട്ടത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രതിപക്ഷം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''ചെറിയ ശതമാനത്തിന് മാത്രമേ, രോഗലക്ഷണങ്ങള്‍ ഗുരുതരമായി ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന. ഇതിന് ആശുപത്രികളില്‍ തിരക്ക് നിയന്ത്രണ വിധേയമായിരിക്കണം, അഡ്മിഷന്‍ പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കണം, ഓക്‌സിജന്‍ ഉള്‍പ്പെടെ ഉള്ള ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകണം. കേരളത്തിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും, ഓക്‌സിജന്‍ ഉള്‍പ്പെടെ, അവശ്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നതാണ് ആദ്യ പടി.

അനാവശ്യമായ ഭീതി പരത്താതിരുന്നാല്‍, രോഗ മൂര്‍ച്ഛ ഉള്ളവര്‍ എപ്പോള്‍ എത്തിയാലും, അവര്‍ക്ക് ബെഡ്, വെന്റിലേറ്റര്‍ സംവിധാനം, ഓക്‌സിജന്‍ എന്നിവ എപ്പോഴും ലഭ്യമാണെന്ന് നമുക്ക് ഉറപ്പ് വരുത്താന്‍ കഴിയും. ഐ സി യു അല്ലോട്ട്മന്റ് ജില്ലാ മെഡിക്കല്‍ ബോര്‍ഡിനെ ഏല്‍പ്പിക്കണം. ഇതിനായി ഒരു കോമണ്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉടന്‍ ആരംഭിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തിയിലാക്കാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണം'' -കേന്ദ്രം നമുക്ക് ആവശ്യമായ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി ശരിയായ ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it