Latest News

പിണറായി-അമിത് ഷാ വാദപ്രതിവാദം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

പിണറായി-അമിത് ഷാ വാദപ്രതിവാദം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോഴത്തെ വാദപ്രതിവാദം നാടകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നാടകം കളിയില്‍ സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലുമുള്ള കേന്ദ്ര അന്വേഷണം ആവിയായിപ്പോയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയകൂട്ടുകെട്ടിന്റെ അനന്തരഫലമാണ് ഇത്. ഇരുവരുടെയും ലക്ഷ്യം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണെന്നും ഈ ശ്രമം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ് അമിത്ഷായും മുഖ്യമന്ത്രിയും പരസ്പരം പറഞ്ഞത്. അറിയാത്ത കാര്യം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമായ കൊലപാതകം മാത്രമാണ്. അമിത് ഷാ പറഞ്ഞ ആ ദുരൂഹമരണത്തെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് ഇതേക്കുറിച്ച് വിശദീകരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. അമിത് ഷാ പറഞ്ഞ കൊലപാതകം നടന്നോ എന്ന് മുഖ്യമന്ത്രി പറയണം. അല്ലാതെ പരാതി കിട്ടിയിട്ട് അന്വേഷിക്കാമെന്നല്ല പറയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

അമിത് ഷാ രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ വന്ന് അമിത് ഷാ മാലാഖ ചമയേണ്ടതില്ല. ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത, വിവിധ കേസുകളിലായി മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ, മുസ്‌ലിം സമുദായത്തെ വേട്ടയാടാന്‍ എന്നും മുന്നില്‍ നിന്ന, അമിത് ഷായുടെ ഗിരിപ്രസംഗം കേരളത്തില്‍ ചെലവാകില്ല. അമിത് ഷായും പിണറായി വിജയനും തമ്മിലുള്ള ഇടപാട് എന്താണ് എന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്ന ഇവരുടെ മോഹം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it