Latest News

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ബിജെപിക്ക് അന്ത്യമാകുമെന്ന് രമേശ് ചെന്നിത്തല

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ബിജെപിക്ക് അന്ത്യമാകുമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവരുന്നതോടെ കേരളത്തില്‍ ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെന്നിത്തല ബിജെപിക്കെതിരേ ആഞ്ഞടിച്ചത്. ബിജെപി യാദവ കുലം പോലെ തമ്മില്‍ത്തല്ലി ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഇല്ലാതാവാന്‍ പോകുന്ന ബിജെപിയാണ് കോണ്‍ഗ്രസ്സ് ഇല്ലാതാവുമെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അന്ത്യം കുറിക്കും. കേരളത്തില്‍ ബി.ജെ.പിക്ക് ഒരടി പോലും മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഃഛിദ്രം മൂലം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയില്‍ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥിതി ദയനീയമാകും. ഈ ബി.ജെ.പിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാന്‍ പോകുന്ന കക്ഷി ബി.ജെ.പിയായിരിക്കും- ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെ.പിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ അധികാരം ഉണ്ടെങ്കില്‍ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്. മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം. അതുകൊണ്ടു തന്നെ ബി.ജെപിക്ക് കേരളത്തില്‍ ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it