Latest News

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

കൊവിഡ് പോസിറ്റീവ് ആയവര്‍, ക്വാന്റീനിലുള്ളവര്‍, രോഗം സംശയിക്കുന്നവര്‍ തുടങ്ങിയവരെല്ലാം വിവരം മുന്‍കൂട്ടി റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
X

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കൊവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി എം. എല്‍. എമാരെ മുന്‍കൂട്ടി അറിയിക്കും.

തിരഞ്ഞെടുപ്പില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ അധ്യക്ഷതയില്‍ നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫിസറായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ചുമതല പുനീത്കുമാറിനാണ് നല്‍കിയിരിക്കുന്നത്. നിയമസഭാ സെക്രട്ടറിയുമായി ചേര്‍ന്ന് ഇതിനാവശ്യമായ നടപടി അദ്ദേഹം സ്വീകരിക്കും. ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയിലാണെങ്കിലോ നേരിട്ട് വരാന്‍ കഴിയാത്ത സ്ഥിതിയിലാണെങ്കിലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം റിട്ടേണിംഗ് ഓഫിസര്‍ ഒരുക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന വോട്ട് പ്രത്യേകം സൂക്ഷിക്കുകയും അണുമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുകയും വേണം. കൊവിഡ് പോസിറ്റീവ് ആയവര്‍, ക്വാന്റീനിലുള്ളവര്‍, രോഗം സംശയിക്കുന്നവര്‍ തുടങ്ങിയവരെല്ലാം വിവരം മുന്‍കൂട്ടി റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.

കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് വൈകിട്ട് നാലു മണിക്കും അഞ്ചു മണിക്കുമിടയില്‍ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഒരുക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍, ക്വാറന്റീനിലുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വോട്ടു ചെയ്യുന്നതിനായി മൂന്ന് പ്രത്യേക ചേംബറുകള്‍ ഒരുക്കും. പി.പി.ഇ കിറ്റ്, കോട്ടണ്‍ മാസ്‌ക്ക്, കൈയുറ, സാനിറ്റൈസര്‍ തുടങ്ങി ആവശ്യമായ സാധനങ്ങള്‍ ഒരുക്കാന്‍ റിട്ടേണിംഗ് ഓഫിസറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വേണ്ട സാധനങ്ങളുടെ വിശദാംശങ്ങള്‍ നോഡല്‍ ഓഫീസറെയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും റിട്ടേണിംഗ് ഓഫീസര്‍ മുന്‍കൂട്ടി അറിയിക്കണം.

തിരഞ്ഞെടുപ്പ് നടക്കുന്ന മുറികളില്‍ എ.സി ഉപയോഗിക്കില്ല. വായു സഞ്ചാരത്തിനായി ജനാലകള്‍ തുറന്നിടും.റിട്ടേണിംഗ് ഓഫീസറുടെ മുറിയും പോളിംഗ് മുറിയും കൗണ്ടിംഗ് മുറിയും അനുബന്ധ മുറികളും പൂര്‍ണമായി സാനിറ്റൈസ് ചെയ്യും. കൊവിഡ് 19 സംശയിക്കുന്ന അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുമ്പോള്‍ പി.പി.ഇ കിറ്റ്, കൈയുറകള്‍, എന്‍ 95 മാസ്‌ക്ക് എന്നിവ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ധരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മാനദണ്ഡം അനുസരിച്ചുള്ള പരിശീലനം നല്‍കും. ഇതിനാവശ്യമായ നടപടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിക്കും. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കുന്ന വിധം, പി.പി.ഇ കിറ്റ് ധരിക്കുന്നത്, ഇവ അഴിച്ചു മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, ഉപയോഗിച്ച കൈയുറകള്‍ മാറ്റുന്നത്, മാസ്‌ക്ക് ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, പത്രികയുടെ സൂക്ഷ്മ നിരീക്ഷണം, പത്രിക പിന്‍വലിക്കല്‍, തിരഞ്ഞെടുപ്പ് തുടങ്ങിയ ദിവസങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സാന്നിധ്യം ഉറപ്പാക്കും. ആന്റിജന്‍ പരിശോധന നടത്തുന്നവിനുള്ള സംവിധാനവും ഒരുക്കും. വോട്ട് ചെയ്യാനെത്തുന്നവരും ഡ്യൂട്ടിക്കെത്തുന്നവരും മാസ്‌ക്ക് ധരിക്കണം. തെര്‍മല്‍ സ്‌കാനിംഗ് സംവിധാനവും ഉണ്ടാവും. എല്ലാവരും സാമൂഹ്യാകലം പാലിച്ചു വേണം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കേണ്ടത്. കാലുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ സ്റ്റാന്‍ഡ് പ്രവേശന കവാടങ്ങളിലുണ്ടാവും. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ പി.പി.ഇ കിറ്റ്, സര്‍ജിക്കല്‍ ഫേസ് മാസ്‌ക്ക്, കൈയുറ എന്നിവ ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.


Next Story

RELATED STORIES

Share it