Latest News

ഇന്തൊ-പെസഫിക്കില്‍ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ്

ഇന്തൊ-പെസഫിക്കില്‍ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ്
X

മുംബൈ: ഇന്തൊ-പെസഫിക് അന്താരാഷ്ട്ര വ്യാപാരമേഖലയിലെ സുപ്രധാന പ്രദേശമാണെന്നും ഇതിന്റെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇന്ത്യന്‍ നാവികസേനയുടെ പ്രാഥമിക കടമയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

''അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സുപ്രധാന അരങ്ങാണ് ഇന്തൊ- പെസഫിക് വ്യാപാര ശൃംഘല. ഇതിന് ആവശ്യമായ സുരക്ഷയൊരുക്കുകയാണ് ഇന്ത്യന്‍ നാവിക സേനയുടെ പ്രാഥമിക കടമ''- രാജ്‌നാഥ് സിങ് പറഞ്ഞു. മുബൈ ഡോക് യാര്‍ഡില്‍ ഐഎന്‍എസ് വിശാഖപ്പട്ടണം കമ്മീഷന്‍ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എല്ലാ ലോകരാഷ്ട്രങ്ങളും സൈനികശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷങ്ങളില്‍ സൈനികച്ചെലവുകള്‍ ഇനിയും കൂടും. തദ്ദേശീയമായ കപ്പല്‍ നിര്‍മാണത്തിന്റെ കേന്ദ്രമായി രാജ്യം മാറും''- സിങ് പറഞ്ഞു.

''ഇന്ത്യന്‍ നേവി കരാര്‍ നല്‍കിയ 41 കപ്പലുകളില്‍ 38ഉം ഇന്ത്യയില്‍ത്തന്നെയാണ് നിര്‍മിച്ചത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആദ്യത്തെ സ്‌റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ പ്രതിരോധ കപ്പലാണ് ഐഎന്‍എസ് വിശാഖപ്പട്ടണം.

പൂര്‍ണമായും തദ്ദേശ സ്റ്റീല്‍ ഉപയോഗിച്ചാണ് ഐഎന്‍എസ് വിശാഖപ്പട്ടണം നിര്‍മിച്ചിരിക്കുന്നത്. 163 മീറ്റര്‍ നീളവും 7,400 ടണ്‍ വിസ്താപനശേഷിയുമുള്ള ഈ കപ്പല്‍ ഇന്ത്യയില്‍ നിര്‍മിച്ചവയില്‍ ഏറ്റവും വലുതാണ്. അത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം 75 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ് ഈ കപ്പല്‍. നാവികയുദ്ധമേഖലയില്‍ ബഹുമുഖ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്.

വിവിധ തരത്തിലുള്ള ആയുധങ്ങള്‍, ആയുധ സെന്‍സറുകള്‍, സൂപ്പര്‍ സോണിക് സര്‍ഫസ്ടുസര്‍ഫസ് എയര്‍ മിസൈല്‍, മീഡിയം & ഷോര്‍ട്ട് റേഞ്ച് തോക്കുകള്‍, ആന്റി സബ്മറൈന്‍ റോക്കറ്റുകള്‍, ഇലക്ടോണിക്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 30 നോട്ടിക്കല്‍ മൈല്‍ വേഗത ലഭ്യമാകുന്ന കപ്പല്‍ ഗ്യാസിലും അല്ലാതെയും പ്രവര്‍ത്തിക്കാം. രണ്ട് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമാണ്.

Next Story

RELATED STORIES

Share it