Latest News

രാഷ്ട്രീയ പ്രതിസന്ധി: രാജസ്ഥാനില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കാബിനറ്റ് യോഗം സമാപിച്ചു

രാഷ്ട്രീയ പ്രതിസന്ധി: രാജസ്ഥാനില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കാബിനറ്റ് യോഗം സമാപിച്ചു
X

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സമാപിച്ചു. സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിലായിരുന്നു അടിയന്തിര യോഗം. തുടര്‍ച്ചയായി രണ്ട് യോഗങ്ങളാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. മന്ത്രിസഭാ കൗണ്‍സിലിന്റെ യോഗവും മന്ത്രി സഭാംഗങ്ങളുടെ യോഗവും. മന്ത്രിസഭാ യോഗം 7.30നും മന്ത്രിസഭാ കൗണ്‍സിലിന്റെ യോഗം രാത്രി 8 മണിക്കുമാണ് തുടങ്ങിയത്.

ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ കലാപം കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരുന്നു. അതേ തുടര്‍ന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് ലജിസ്‌ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കി. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ ചരടുവലിയില്‍ ഉള്‍പ്പെട്ട രണ്ട് മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേഷ് മീണ എന്നീ മന്ത്രിമാരാണ് പുറത്താക്കപ്പെട്ടത്.

കോണ്‍ഗ്രസ് സംസ്ഥാന മേധാവി കൂടിയായ സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയ ഒഴിവില്‍ ഗോവിന്ദ് സിങ് ദോതാസ്രയെ നിയമിക്കാന്‍ ലെജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗം തീരുമാനിച്ചു.

തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ സര്‍ക്കാര്‍ രൂപീകരണ കാലം മുതല്‍ തന്നെ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്റും തമ്മിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥയെന്ന നിലയില്‍ ഉപമുഖ്യമന്ത്രിയായി സച്ചിന്‍ നിയമിക്കപ്പെട്ടു. എങ്കിലും നിരാശനായ സച്ചിന്‍ പൈലറ്റ് മധ്യപ്രദേശിലെ ജോതിരാദിത്യ സിന്ധ്യയുടെ പാതയില്‍ കോണ്‍ഗ്രസ്സ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് പാര്‍ട്ടി എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനു ശേഷമാണ് പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി രൂപം കൊണ്ടത്. സച്ചിനൊപ്പം ഡല്‍ഹിയിലെത്തിയ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം നാടകീയമായി മറുകണ്ടം ചാടിയിരുന്നു.

Next Story

RELATED STORIES

Share it