Latest News

ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ പ്രവര്‍ത്തകരുടെ അറസ്റ്റ്; കല്‍പ്പറ്റ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ പ്രവര്‍ത്തകരുടെ അറസ്റ്റ്; കല്‍പ്പറ്റ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
X

കല്‍പ്പറ്റ: ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്‍പ്പറ്റ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്റെയും, ടി സിദ്ദീഖിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ മുന്നിലാണ് നേതാക്കള്‍ നിരാഹാര സമരം നടത്തുന്നത്. അറസ്റ്റിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ടി സിദ്ദീഖ് ആരോപിച്ചു. മുഖ്യമന്ത്രി നേരത്തെ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിച്ചത്. ഇത് മുന്‍കൂട്ടിയെടുത്ത തീരുമാനമാണ്.

രാഹുല്‍ ഗാന്ധി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടിസ് കിട്ടിയപ്പോള്‍ എസ്പിയെ കണ്ടിരുന്നു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും നിരപരാധികളെ വേട്ടയാടരുതെന്നുമുള്ള ആവശ്യമാണ് മുന്നോട്ടുവച്ചത്. സത്യസന്ധമായും തെളിവ് ശേഖരിക്കാന്‍ വേണ്ടിയും മാത്രമാണ് മൊഴിയെടുക്കാന്‍ വിളിച്ചത്. തങ്ങള്‍ക്ക് പരിശോധിച്ച് ബോധ്യം വന്നശേഷം കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂ എന്നും എസ്പി അറിയിച്ചതാണ്. അന്വേഷണത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാന്‍ നോട്ടിസ് നല്‍കിയതെന്നും അവര്‍ മറുപടി കൊടുക്കട്ടെയെന്നുമാണ് ഡിവൈഎസ്പി പറഞ്ഞത്.

എന്നാല്‍, എസ്പിയുമായി സംസാരിച്ച അന്നുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോര്‍ജിനെ പോലിസ് വീട് വളഞ്ഞ് കൊണ്ടുപോവാന്‍ ശ്രമം നടത്തി. സംഭവസ്ഥലത്തില്ലാതിരുന്നയാളെ ഗാന്ധിയുടെ ഛായാചിത്രം തകര്‍ത്തതിന്റെ പേരില്‍ കേസില്‍ കുടുക്കാന്‍ പോലിസ് ശ്രമിച്ചു. കുറ്റം ആരുടെയെങ്കിലും തലയില്‍ വച്ചുകെട്ടാനാണ് ഈ നടപടികള്‍. എസ്എഫ്‌ഐക്കാരെ രക്ഷപ്പെടുത്താനും എകെജി സെന്റര്‍ ആക്രമണക്കേസ് വഴിതിരിച്ചുവിടുന്നതിലൂടെ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനും വേണ്ടിയാണ് പോലിസ് ഈ നീക്കം നടത്തുന്നതെന്ന് സിദ്ദീഖ് ആരോപിച്ചു.

രാഹുല്‍ഗാന്ധിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ നാലുപേരാണ് അറസ്റ്റിലായത്. ഓഫിസിലെ പേഴ്‌സനല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് എസ് ആര്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ.

Next Story

RELATED STORIES

Share it