Latest News

പുത്തന്‍പീടിക-കാളികാവ് റെയില്‍ അണ്ടര്‍പാസ്സ്: അപ്രോച്ച് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആലോചനായോഗം ചേര്‍ന്നു

പുത്തന്‍പീടിക-കാളികാവ് റെയില്‍ അണ്ടര്‍പാസ്സ്: അപ്രോച്ച് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആലോചനായോഗം ചേര്‍ന്നു
X

പരപ്പനങ്ങാടി: പുത്തന്‍പീടിക-കാളികാവ് റെയില്‍ അണ്ടര്‍പാസ്സിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനെതിരേ നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു. സപ്തംബര്‍ 14 ചൊവ്വാഴ്ച ചേര്‍ന്ന യോഗം പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് ഒരു വിശാലയോഗം വിളിച്ചു ചേര്‍ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.

പരപ്പനങ്ങാടിക്കാരുടെ പ്രത്യേകിച്ച് പുത്തന്‍പീടിക, കാളിക്കാവ്, ചുടലപ്പറമ്പ് നിവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു പുത്തന്‍പീടിക, കാളിക്കാവ് റെയില്‍ അണ്ടര്‍പാസ്സ് വഴിയുള്ള യാത്രാസൗകര്യം. തബ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നിരവധി രാഷ്ട്രീയ പ്രമുഖരുടെ ഇടപെടലുകളുടെ ഭാഗമായാണ് പ്രദേശത്ത് ഒരു റെയില്‍ അണ്ടര്‍പാസ്സ് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കൂടി എടുത്ത താല്‍പര്യത്തിന്റെ ഭാഗമായി സാധ്യമായത്. പണി പൂര്‍ത്തീകരിക്കപ്പെട്ട് 5 വര്‍ഷം പിന്നിട്ടിട്ടും പുത്തന്‍പീടികയുമായി അണ്ടര്‍പാസ്സിനെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തീകരിച്ചിട്ടില്ല. പടിഞ്ഞാറ് ഭാഗത്ത് കുറച്ച് ദൂരം റെയില്‍വേക്ക് സമാന്തരമായാണ് താല്‍ക്കാലികമായി ഇപ്പോള്‍ അണ്ടര്‍പാസ്സിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ യാത്ര തുടരുന്നത്. അത് റെയില്‍വേക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ ആ വഴി അടയ്ക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ. മാത്രവുമല്ല കെ റെയില്‍ പദ്ധതി സാധ്യമാവുന്നപക്ഷം അപ്രോച്ച് റോഡിന്റെ പണി മുന്‍കൂട്ടി പൂര്‍ത്തീകരിക്കാഞ്ഞാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളുമുണ്ട്. ഒരുപക്ഷേ, പ്രദേശവാസികള്‍ക്ക് അണ്ടര്‍പാസ്സിന്റെ ഗുണം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. ഈ അവസ്ഥയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.

നവജീവന്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷമേജ്.എന്‍.എം, ജൈനിഷ മണ്ണാറക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ടി കെ അരവിന്ദന്‍, കെ കെ ജയചന്ദ്രന്‍, ടി അഷ്‌റഫ്, ടി പി കുഞ്ഞിക്കോയമുട്ടി, പുനത്തില്‍ അനില്‍ കുമാര്‍, വിനോദ് കുമാര്‍ തള്ളശ്ശേരി, വി കെ സൂരജ് എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി റോഷ്‌നി വി പി സ്വാഗതവും മനീഷ് കെ പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചെയര്‍മാന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it