Latest News

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്, അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ 23 പ്രതികള്‍

അല്ലു അര്‍ജുന്‍ 11ാം പ്രതി

പുഷ്പ 2 തിയേറ്റര്‍ ദുരന്തം; കുറ്റപത്രം സമര്‍പ്പിച്ച് പോലിസ്, അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ 23 പ്രതികള്‍
X

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ 11ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലിസ് നമ്പള്ളി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്‍പത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 23 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. സംഭവം നടന്ന് ഒരുവര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അപകടമുണ്ടായ സന്ധ്യ തിയേറ്റര്‍ മാനേജ്മെന്റാണ് പ്രധാന പ്രതി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയും അശ്രദ്ധയുമാണ് വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അല്ലു അര്‍ജുനെയും മറ്റ് പ്രതികളേയും പോലിസ് പലതവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയതായും ഇനി നിയമപരമായ നടപടികള്‍ കോടതിയില്‍ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2024 ഡിസംബര്‍ നാലിന് രാത്രി 11 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. 'പുഷ്പ-2' പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദില്‍സുഖ്നഗറിലെ ചിക്കടപ്പള്ളിയിലെ സന്ധ്യ തിയറ്ററിലാണ് അപകടമുണ്ടായത്. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് 35 കാരിയായ എം രേവതി കുഴഞ്ഞുവീണ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ യുവതിയുടെ ഒന്‍പതു വയസുകാരനായ മകന്‍ ശ്രീതേജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ ആരാധകനായ മകന്റെ ആഗ്രഹപ്രകാരമാണ് രേവതിയും കുടുംബവും സിനിമ കാണാനെത്തിയത്. കേസില്‍ ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടിലെത്തി പോലിസ് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ ഓക്സിജന്‍ നില കുറഞ്ഞ് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ശ്രീതേജ് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ നാലു മാസത്തിലേറെ ചികില്‍സയിലായിരുന്നു. ശേഷം 2025 ഏപ്രില്‍ 29നാണ് കുട്ടി ഡിസ്ചാര്‍ജായത്. നിലവില്‍ ഹൈദരാബാദിലെ ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ദീര്‍ഘകാല ചികില്‍സയിലാണ് ശ്രീതേജ്.

അല്ലു അര്‍ജുന്റെ പേഴ്‌സനല്‍ മാനേജര്‍, സ്റ്റാഫുകള്‍, എട്ട് ബൗണ്‍സര്‍മാര്‍ തുടങ്ങിയവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ട്. വലിയ ആള്‍ക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങള്‍ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അര്‍ജുനെതിരേയുള്ള കുറ്റം. വിഐപി ഗസ്റ്റുകള്‍ക്കായി പ്രത്യേകം എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ഒരുക്കുന്നതില്‍ തിയറ്റര്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്നും കുറ്റപത്രത്തിലുണ്ട്.

Next Story

RELATED STORIES

Share it