Latest News

'പഞ്ചാബ് വികാസ് പാര്‍ട്ടി': പുതിയ പാര്‍ട്ടിയുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

പഞ്ചാബ് വികാസ് പാര്‍ട്ടി: പുതിയ പാര്‍ട്ടിയുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
X

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പഞ്ചാബ് വികാസ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. അമരീന്ദര്‍ പക്ഷത്തുള്ള നേതാക്കള്‍ക്കു പുറമെ കോണ്‍ഗ്രസ്സിലെ സിദ്ദു വിരുദ്ധ പക്ഷത്തേയും കൂടെച്ചേര്‍ത്തേക്കും.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടി രൂപീകരണ യോഗം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും.

പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിനെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നേരത്തെ അമരീന്ദര്‍ പറഞ്ഞിരുന്നു.

അതേസമയം ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കളുമായി അമരീന്ദര്‍ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ചെറു പാര്‍ട്ടികളുമായുള്ള ബന്ധവും നിലനിര്‍ത്തുന്നുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ പറയുന്നു.

''ഞാന്‍ 52 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പക്ഷേ അവര്‍ എന്നോട് ഇങ്ങനെയാണ് പെരുമാറിയത്. 10.30 ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഒരു ചോദ്യവും ചോദിച്ചില്ല. 4 മണിക്ക് ഗവര്‍ണറുടെ അടുത്ത് ചെന്ന് രാജി സമര്‍പ്പിച്ചു. 50 വര്‍ഷങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ എന്നെ സംശയിക്കുന്നുവെങ്കില്‍ ... എന്റെ വിശ്വാസ്യത അപകടത്തിലാണ്, വിശ്വാസമില്ലെങ്കില്‍, പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നതില്‍ അര്‍ത്ഥമില്ല''- അമരീന്ദര്‍ പറഞ്ഞു. തുടര്‍ന്നാണ് അമരീന്ദര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചെങ്കിലും താന്‍ ബിജെപിയില്‍ ചേരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് അമരീന്ദര്‍ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

1980 ല്‍ അമരീന്ദര്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ലോക്‌സഭയിലെത്തി. 1984ല്‍ ബ്ലൂസ്റ്റാര്‍ ഓപറേഷനു ശേഷം പാര്‍ട്ടി വിട്ട് അകാലിദളില്‍ ചേര്‍ന്നു. പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. 1998ല്‍ കോണ്‍ഗ്രസ്സില്‍ തിരികെയെത്തി.

Next Story

RELATED STORIES

Share it