Latest News

പൊതു പരീക്ഷ: പെരിന്തല്‍മണ്ണയില്‍ നഗരസഭ യാത്രാ സൗകര്യമൊരുക്കും

പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങിയെങ്കിലും ബസ്സുടമകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നഗര സഭ തീരുമാനം.

പൊതു പരീക്ഷ: പെരിന്തല്‍മണ്ണയില്‍ നഗരസഭ യാത്രാ സൗകര്യമൊരുക്കും
X

പെരിന്തല്‍മണ്ണ: അടുത്ത ആഴ്ച ആരംഭിക്കുന്ന എസ്എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്ന ദൂരദേശങ്ങളില്‍നിന്നുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യാത്രാ സൗകര്യമൊരുക്കാന്‍ നഗരസഭ തീരുമാനിച്ചു. നഗരസഭയുടെ കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന 288 വിദ്യാര്‍ത്ഥികളും പ്ലസ്ടു പരീക്ഷ എഴുതുന്ന 1264 വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന 190 വിദ്യാര്‍ത്ഥികളും പ്ലസ്ടു പരീക്ഷ എഴുതുന്ന 523 വിദ്യാര്‍ത്ഥികളും വിഎച്ച്എസ്‌സിയില്‍ 117 വിദ്യാത്ഥികളുമടക്കം ആകെ 2382 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

ഇവരില്‍ 60% പേരും 3 കി.മീറ്റര്‍ മുതല്‍ 15 കി.മീറ്റര്‍ വരെ സഞ്ചരിച്ച് പരീക്ഷക്കെത്തേണ്ടവരാണ്. പൊതുഗതാഗത സംവിധാനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങിയെങ്കിലും ബസ്സുടമകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നഗര സഭ തീരുമാനം. പരീക്ഷക്കെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. അവര്‍ക്ക് ആശ്വാസം പകരുന്നതാണ് നഗരസഭാ തീരുമാനം.

വിദ്യാലയ മേധാവികള്‍ തയ്യാറാക്കുന്ന പരീക്ഷക്ക് കൊണ്ടുവരേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റിന് അനുസൃതമായ വാഹനം നഗരസഭ ഏര്‍പ്പാടാക്കും. നഗരസഭയിലും സമീപ പഞ്ചായത്തിലുമായി വലിയ വാഹനങ്ങള്‍ ഏതെങ്കിലും പിക്കിങ്ങ് പോയിന്റുകള്‍ വെള്ളിയാഴ്ചക്കകം നിശ്ചയിക്കും.

നിശ്ചയിക്കുന്ന ഓരോ ഭാഗത്തും ചുമതലപ്പെടുത്തിയ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഈ പോയിന്റും വാഹനമെത്തുന്ന സമയക്രമവും അറിയിക്കും. ഏറ്റവും സമീപത്തുള്ള പോയിന്റിലെത്തി നഗരസഭ നിശ്ചയിക്കുന്ന വാഹനം കയറി സ്‌കൂളിലെത്താം. പരീക്ഷ കഴിഞ്ഞ് ഇതേ വാഹനത്തില്‍ തിരിച്ചും എത്തിക്കും. സാമൂഹ്യ അകലം പാലിക്കുന്ന ക്രമീകരണങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തും.

നഗരസഭയുടെ കീഴിലുള്ള സ്‌ക്കൂളുകളിലെ 14 സ്‌ക്കൂള്‍ ബസ്സുടമകള്‍ക്ക് പുറമെ സ്വകാര്യ വാഹനങളും ഇതിനായി നഗരസഭ സജ്ജമാക്കും. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുന്നത്. എല്ലാ ആരോഗ്യ ക്രമീകരണങ്ങളും പാലിച്ച് സുരക്ഷിതമായി പരീക്ഷയെഴുതുന്നതിനുള്ള എല്ലാ വിധ സംവിധാനങ്ങളും നഗരസഭ ഒരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം അറിയിച്ചു

Next Story

RELATED STORIES

Share it