Latest News

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകരുടേത് മതപരമായ പ്രവര്‍ത്തിയല്ല; ജിഎസ്ടിയില്‍ ഇളവനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകരുടേത് മതപരമായ പ്രവര്‍ത്തിയല്ല; ജിഎസ്ടിയില്‍ ഇളവനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് ഹജ്ജ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്ന സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ജിഎസ്ടിയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. ജിഎസ്ടി ആക്റ്റിന്റെ മെഗാ എക്‌സപ്ഷന്‍ നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഹജ്ജ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ജിഎസ്ടി ഇളവ് അനുവദിക്കാനാവില്ലെന്നാണ് കോടതി വിധിച്ചത്.

നോട്ടിഫിക്കേഷന്റെ ക്ലോസ് 5(ബി) അനുസരിച്ച് മതപരമായ ചടങ്ങുകള്‍ക്ക് ജിഎസ്ടിയില്‍ ഇളവനുവദിക്കും. ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാരുടെത് മതപരമായ പ്രവര്‍ത്തിയല്ലെന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം ചെയ്യുകയാണ് അവരെന്നും കോടതി ചൂണ്ടിക്കാട്ടി.

''സൗദി അറേബ്യയിലെ മക്കയിലേക്കും സമീപ പുണ്യസ്ഥലങ്ങളിലേക്കുമുള്ള അഞ്ച് ദിവസത്തെ മതപരമായ തീര്‍ത്ഥാടനമാണ് ഇത്. ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് തീര്‍ഥാടനം നടത്താന്‍ ഇന്ത്യാ ഗവണ്‍മെന്റും സൗദി അറേബ്യയും തമ്മില്‍ എല്ലാ വര്‍ഷവും ഒരു ഉഭയകക്ഷി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രസ്തുത കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് ഹജ്ജ് ചെയ്യാന്‍ ഒരു നിശ്ചിത എണ്ണം തീര്‍ഥാടകരെ അനുവദിക്കുന്നു. ഈ ക്വാട്ടയുടെ 30% സ്വകാര്യ ഹജ്ജ് തീര്‍ത്ഥാടക ഏജന്‍സികള്‍ക്കായി നീക്കിവയ്ക്കുന്നു. ബാക്കിയുള്ളത് സര്‍ക്കാര്‍ ബോഡിയായ ഹജ് കമ്മിറ്റിവഴിയാണ് ചെയ്യുന്നത്. വിമാനടിക്കറ്റുകള്‍ വാങ്ങി നല്‍കുക, പണമിടപാടിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിനല്‍കുക, താമസസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക, സൗദിയിലെ ഭക്ഷണം, യാത്ര, വിദേശനാണയംമാറ്റിനല്‍കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക-തുടങ്ങിയവയാണ് സ്വകാര്യ ഹജ്ജ് ഏജന്‍സികളുടെ ചുമതല''- ഇവയെ മതപരമായ പ്രവര്‍ത്തിയായി കാണാനാവില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഈ പ്രവര്‍ത്തികളൊന്നും മതപരമായുള്ളവയല്ലെന്നും സ്ഥലത്തെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.



മതപരമായ ചടങ്ങുകള്‍ നടത്താനാണ് ജിഎസ്ടിയില്‍ ഇളവ് നല്‍കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് സാഹചര്യമൊരുക്കുന്നവര്‍ക്ക് ഇളവ് നല്‍കാമെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നില്ല- ജിഎസ്ടി ഇളവ് അനുവദിക്കാനാവില്ലെന്നുള്ള ഉത്തരവില്‍ കോടതി വിശദീകരിച്ചു. മതപരമായ ചടങ്ങും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിങ്ങനെ നോട്ടിഫിക്കേഷനില്‍ വേറിട്ട് പറയുന്നുണ്ട്. അത്തരം സംഘടനകള്‍ക്കുമാത്രമേ ഇളവ് നല്‍കാനാവൂ.



''മതപരമായ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വകാര്യ ഹജ്ജ് ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് സേവന നികുതി ഇളവ് നല്‍കുക എന്നതാണ് ഉദ്ദേശ്യവും ലക്ഷ്യവുമെങ്കില്‍, വിജ്ഞാപനം പ്രത്യേകം അങ്ങനെ സൂചിപ്പിക്കുമായിരുന്നു. എന്നിരുന്നാലും, മതപരമായ തീര്‍ത്ഥാടനത്തെ സംബന്ധിച്ച ഇളവ് ഒരു ഉഭയകക്ഷി ക്രമീകരണത്തിന് കീഴില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തുന്ന നിര്‍ദ്ദിഷ്ട സംഘടനകള്‍ നല്‍കുന്ന സേവനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതേ സേവനം നല്‍കുന്ന മറ്റുളളവര്‍ക്ക് ഈ ഇളവ് നല്‍കിയിട്ടില്ല. മതപരമായ 'ചടങ്ങുകള്‍'ക്ക് ക്ലോസ് 5ന്റെ ഉപവകുപ്പ് (ബി) ബാധകമാണ്. മതപരമായ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നല്‍കുന്ന സേവനവും മതപരമായ തീര്‍ത്ഥാടനത്തെ സാഹയിക്കുന്നവയും തമ്മില്‍ വ്യക്തമായ വ്യത്യാസം നോട്ടിഫിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്''-കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it