Latest News

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു
X

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എക്‌സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. രാജ്യസഭയിലെ അവരുടെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്‌സണുമാണ് സുധ. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023ല്‍ പത്മഭൂഷണും ലഭിച്ചു.

കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ സുധാ മൂര്‍ത്തി എഴുതാറുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകള്‍. നിരവധി അനാഥാലയങ്ങള്‍ സുധ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.

Next Story

RELATED STORIES

Share it