Sub Lead

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് 21 അംഗ പാര്‍ലമെന്ററി ഉപദേശകസമിതിയുടെ മേധാവി.

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി ഉപദേശക സമിതിയില്‍
X

ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്ററി ഉപദേശക സമിതിയിലേക്ക് കേന്ദ്രം നാമനിര്‍ദേശം ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് 21 അംഗ പാര്‍ലമെന്ററി ഉപദേശകസമിതിയുടെ മേധാവി.

ഭോപാല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രജ്ഞാ സിങ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് മത്സരിച്ചത്. ആരോഗ്യപ്രശ്‌നം പരിഗണിച്ച് ബോംബെ ഹൈക്കോടതി പ്രജ്ഞാ സിങ്ങിന് 2017 ഏപ്രിലില്‍ ജാമ്യം നല്‍കിയിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് പ്രകാരമായിരുന്നു കേസ്. നിലവില്‍ യുഎപിഎ കേസിലും പ്രതിയാണ്.



കേസുകള്‍ക്കു പുറമെ നിരവധി വിവാദപരാര്‍ശത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍. ഗാന്ധിജിയുടെ 150 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച 42 ദിവസത്തെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ അവര്‍ ഗോഡ്‌സെയെ സ്തുതിക്കുകയുണ്ടായി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും അവര്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും രാജ്യസ്‌നേഹിയെന്നു വിളിച്ചും വിവാദം സൃഷ്ടിച്ചിരുന്നു. ആഗ്രമല്‍വ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഗോഡ്‌സെ സ്തുതി. അതിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മോദി തന്നെ രംഗത്തുവന്നു. ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രജ്ഞാ സിങ്ങിനോട് പൊറുക്കില്ലെന്നും മോദിക്ക് പറയേണ്ടിവന്നു.

അന്ന് ഗോഡ്‌സെ സ്തുതിയില്‍ പ്രജ്ഞാ സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കസമിതി പ്രശ്‌നം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ പറഞ്ഞിരുന്നു. പക്ഷേ, ആറ് മാസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ പാര്‍ലമെന്ററി ഉപദേശകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it