Latest News

പാകിസ്താനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം

പാകിസ്താനില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം
X

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി ഉയര്‍ന്നതായി റിപോര്‍ട്ട്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനെത്തുടര്‍ന്ന് പാകിസ്താനിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 28 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ ശേഖരം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പാകിസ്താന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ കോവിഡ് കാലത്തെ പോലെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ നടപടികള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. ആഴ്ച്ചയില്‍ രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും അത്യാവശ്യ ജീവനക്കാര്‍ മാത്രം ഓഫീസിലെത്തിയാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ട്. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവ 28 ദിവസത്തേക്കും അസംസ്‌കൃത എണ്ണ 10 ദിവസത്തേക്കും എല്‍പിജി 15 ദിവസത്തേക്കും മാത്രമാണ് പാകിസ്താന്റെ കൈവശമുള്ളത്. അമേരിക്ക, ഇസ്രായേല്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്നത് ഇറാന്‍ നിരോധിച്ചതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്.

ലോകത്തിലെ എണ്ണക്കടത്തിന്റെ ഏകദേശം അഞ്ചിലൊന്നും നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇതിനിടെ തകര്‍ച്ച നേരിടുന്ന പാകിസ്താന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ധനവില വര്‍ദ്ധനയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനയും വലിയ ഭാരം സൃഷ്ടിക്കുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം അഫ്ഗാനിസ്താനുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ യുദ്ധത്തില്‍ നേരിട്ട് ഇടപെടാന്‍ പാകിസ്താന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കി. യുദ്ധം നീണ്ടുപോയാല്‍ രാജ്യത്ത് ഗുരുതരമായ ഊര്‍ജ്ജ പ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയുമുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it