Latest News

ധാന്യ സംഭരണം നീട്ടിവച്ചത് കര്‍ഷകരോടുള്ള പ്രതികാര നടപടി; കേന്ദ്രത്തിനെതിരേ അകാലിദള്‍

ധാന്യ സംഭരണം നീട്ടിവച്ചത് കര്‍ഷകരോടുള്ള പ്രതികാര നടപടി; കേന്ദ്രത്തിനെതിരേ അകാലിദള്‍
X

ന്യൂഡല്‍ഹി: പഞ്ചാബിലെയും ഹരിയാനയിലെയും ധാന്യ സംഭരണം ഒന്നര ആഴ്ച മാറ്റിവച്ചത് കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കര്‍ഷകരോടുള്ള പ്രതികാരനടപടിയുടെ ഭാഗമാണെന്നാരോപിച്ച് ശിരോമണി അകാലിദള്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത്. ഒക്‌ടോബര്‍ ഒന്നിന് തുടങ്ങേണ്ട സംഭരണം ഒക്ടോബര്‍ 11ലേക്കാണ് നീട്ടിയത്.

''ഒക്ടോബര്‍ 1 ന് തുടങ്ങേണ്ട ധാന്യംസംഭരണം ഒക്ടോബര്‍ 11ന് മാറ്റിവച്ചത് മോശമാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷരോടുള്ള അവരുടെ പ്രതികാരം തീര്‍ക്കുകയും അവരെ ആക്ഷേപിക്കുകയുമാണ്. മണ്ഡികളില്‍ ധാന്യം ഇപ്പോള്‍ത്തന്നെ കുന്നുകൂടിക്കിടക്കുകയാണ്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അത് സംഭരിക്കാന്‍ തയ്യാറാവുന്നില്ല. പതിനൊന്ന് ദിവസം വാങ്ങാതെ നീട്ടിക്കൊണ്ടുപോവുകയെന്നാല്‍ വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചെന്നാണ് അര്‍ത്ഥം. ഇക്കാര്യത്തില്‍ കര്‍ഷകരുടെ സംശയങ്ങള്‍ ശരിയായി വരികയാണ്''- അകാലിദള്‍ വക്താവ് പ്രേം സിങ് ചന്‍ഡുമജ്ര പറഞ്ഞു.

ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നടപടികള്‍ പുനപ്പരിശോധിച്ചില്ലെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും റോഡ് തടയല്‍ അടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 11മുതലേ ധാന്യ സംഭരണം ആരംഭിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉത്തരവില്‍ പറയുന്നു.

അസമയത്ത് കഴിഞ്ഞ ദിവസം പെയ്ത മഴ കര്‍ഷകരെ വലിയ തോതില്‍ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

അതിനിടയില്‍ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

Next Story

RELATED STORIES

Share it