Latest News

ജനസംഖ്യാവിസ്‌ഫോടനം രാജ്യം നേരിടുന്ന വെല്ലുവിളി; ഏതെങ്കിലും മതവുമായി ബന്ധമില്ലെന്നും മുക്താര്‍ അബ്ബാസ് നഖ് വി

ജനസംഖ്യാവിസ്‌ഫോടനം രാജ്യം നേരിടുന്ന വെല്ലുവിളി; ഏതെങ്കിലും മതവുമായി ബന്ധമില്ലെന്നും മുക്താര്‍ അബ്ബാസ് നഖ് വി
X

ന്യൂഡല്‍ഹി: ജനസംഖ്യാവിസ്‌ഫോടനം രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്നും ഏതെങ്കിലും മതവിഭാഗവുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും ബിജെപി നേതാവും മുന്‍ ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ് വി.

ജനസംഖ്യാവിസ്‌ഫോടനത്തിന്റെ പ്രശ്‌നം ഒരു രാജ്യത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനെതിരേ സ്വീകരിക്കുന്ന നടപടികള്‍ പല രാജ്യങ്ങളിലും വിജയംവരിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ എടുത്ത നടപടികളെ ജനങ്ങള്‍ പിന്തുണച്ചു. അങ്ങനെ ജനസംഖ്യാവര്‍ധന കുറയ്ക്കാന്‍ കഴിഞ്ഞു- നഖ്വി പറഞ്ഞു.

സന്തതികളെ തരുന്നത് ദൈവമാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ശഫിഖുര്‍ റഹ്മാന്‍ ബര്‍ക്വിന്റെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിലാണ് അതിനെതിരേ നഖ്വി രംഗത്തുവന്നത്.

'രാജ്യത്തെ ജനസംഖ്യാ വിസ്‌ഫോടനം ആര്‍ക്കും അവഗണിക്കാനാവില്ല. ജനസംഖ്യാ നിയന്ത്രണ വിഷയത്തില്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ വിസ്‌ഫോടനം ഏതെങ്കിലും മതത്തിന്റെ പ്രശ്‌നമല്ല, മറിച്ച് രാജ്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെ ജാതിയും മതവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ലഖ്‌നൗവില്‍ ലോക ജനസംഖ്യാ ദിനത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നഖ്വിയുടെ പ്രസ്താവന. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ ഫലമാണ് ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

2023ഓടെ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ ജനസംഖ്യാ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട്‌സ് 2022ന്റെ റിപോര്‍ട്ട് അനുസരിച്ച്, 2022 നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടിയാകും. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030ല്‍ 850കോടിയും 2050ല്‍ 970 കോടിയുമാകും. 2100ല്‍ 1040 കോടിയായി ഉയരും.

Next Story

RELATED STORIES

Share it