Latest News

രണ്ട് വര്‍ഷം മുന്‍പ് മോഷണം പോയ കാര്‍ ഉപയോഗിക്കുന്നത് പോലിസുകാരന്‍: ഞെട്ടലോടെ ഉടമ

രണ്ട് വര്‍ഷം മുന്‍പ് മോഷണം പോയ കാര്‍ ഉപയോഗിക്കുന്നത് പോലിസുകാരന്‍: ഞെട്ടലോടെ ഉടമ
X

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുന്‍പ് കാണ്‍പൂരില്‍ നിന്ന് മോഷണം പോയശേഷം പിടിച്ചെടുത്ത കാര്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചുകൊടുക്കാതെ പോലിസുകാര്‍ ഉപയോഗിച്ചുവെന്ന് പരാതി. യുപിയിലെ ബിത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ കുശലേന്ദ്ര പ്രതാപ് സിങ്ങിനെതിരേയാണ് ഉടമ പരാതി നല്‍കിയത്. ബിഗ്രുവില്‍ വച്ച് വികാസ് ദുബെയെന്ന ഗുണ്ടയെ വധിച്ചവരില്‍ ഒരാണ് പ്രതാപ് സിങ്. കാന്‍പൂരിലെ ഉമേന്ദ്ര സോണിയാണ് കാറിന്റെ ഉടമയും പരാതിക്കാരനും.

ഉമേന്ദ്ര സോണിയ്ക്ക് രണ്ട് ദിവസം മുന്‍പ് ഒരു കാര്‍ സര്‍വീസ് കേന്ദ്രത്തില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. സര്‍വീസിനു ശേഷം വണ്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്നായിരുന്നു അന്വേഷണം. ഫോണ്‍കോള്‍ സ്വാഭാവികമായും ഉടമയെ അദ്ഭുതപ്പെടുത്തി. കാരണം ഇതേ കാര്‍ മറ്റൊരു കാര്‍ സര്‍വീസ് കേന്ദ്രത്തില്‍ നിന്ന് 2018 ഡിസംബര്‍ 31ന് കാണാതായതായിരുന്നു. അന്നു തന്നെ അദ്ദേഹം ബാറ പോലിസില്‍ ഒരു പരാതിയും നല്‍കി.

കാറുമായി ബന്ധപ്പെട്ട് പിന്നീടൊന്നും കേട്ടില്ല. രണ്ട് ദിവസം മുമ്പാണ് സര്‍വീസ് സ്‌റ്റേഷനില്‍ നിന്ന് വിളിവന്നത്. ഉമേന്ദ്ര സോണി സര്‍വീസ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചു. സര്‍വീസിനു ശേഷം വണ്ടി ബിത്തോര്‍ സ്‌റ്റേഷനിലെ പ്രതാപ് സിങ്ങിന് തിരിച്ചുകൊടുത്തതായി സര്‍വീസ് സ്റ്റേഷന്‍ ജോലിക്കാര്‍ പറഞ്ഞു. ഇതേ സര്‍വീസ് സ്‌റ്റേഷനില്‍ ഉമേന്ദ്ര സോണി ഈ കാര്‍ മുന്നെപ്പോഴോ സര്‍വീസിന് ഏര്‍പ്പിച്ചിരുന്നു. അന്ന് കാറിന്റെ നമ്പറും ഉടമയുടെ പേരും മറ്റും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തവണ അതേ സര്‍വീസ് സ്റ്റേഷനിലാണ് പോലിസുകാരനും കാര്‍ കൊടുത്തത്.

സര്‍വീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ നിന്ന് നമ്പര്‍ തിരഞ്ഞെടുത്ത് ഉടമയെ ജീവനക്കാര്‍ വിളിച്ചു. വിളിപോയത് ഇത്തവണ സര്‍വീസിനു കൊടുത്ത പോലിസുകാരനല്ല, യഥാര്‍ത്ഥ ഉടമയായ ഉമേന്ദ്ര സോണിക്കാണ്.

മോഷണ മുതല്‍ പിടിച്ചെടുത്തശേഷം എന്തുകൊണ്ടാണ് അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് കാര്‍ തിരിച്ചുകൊടുക്കാത്തതെന്ന ചോദ്യത്തിന് പോലിസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയില്ല. കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നുവെന്ന് പോലിസുകാരന്‍ അവകാശപ്പെട്ടു. എങ്കില്‍ എന്തുകൊണ്ട് കാര്‍ മോഷണം പോയെന്ന് പരാതി ലഭിച്ച സ്റ്റേഷനില്‍ അറിയിക്കാതിരുന്നുവെന്നതിന് പോലിസുകാരന്‍ മറുപടി പറഞ്ഞില്ല.

പിടിച്ചെടുത്ത കാര്‍ പോലിസുകാര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാന്‍പൂര്‍ ഐജി മൊഹിത്ത് അഗര്‍വാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it