Latest News

ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം വര്‍ധിക്കുന്നു; കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭ കത്തയച്ചു

ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം വര്‍ധിക്കുന്നു; കേന്ദ്ര സര്‍ക്കാരിന് ഐക്യരാഷ്ട്ര സഭ കത്തയച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്നതായും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലിസ് അതിക്രമം ശക്തിപ്പെട്ടതായും ഐക്യരാഷ്ട്ര സഭ. ഇന്ത്യന്‍ സര്‍ക്കാരിന് ജൂണ്‍ 3ന് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

കത്തില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകരായ ഫഹാദ് ഷാ, ക്വാസി ഷിബ്ലി, സജാദ് ഗുല്‍, ഔക്വിബ് ജാവേദ് എന്നിവര്‍ നേരിട്ട പീഡനങ്ങളും കശ്മീര്‍ ടൈംസ് പത്രം അടച്ചുപൂട്ടേണ്ടിവന്നതും പരാമര്‍ശിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട പീഡനങ്ങളും അന്യായ കസ്റ്റഡികളും നിയമനടപടികളും അതീവ ഗുരുതരവും ശ്രദ്ധയര്‍ഹിക്കുന്നതുമാണ്. അവര്‍ക്കെതിരേയുള്ള എല്ലാ നടപടികളും മാധ്യമപ്രവര്‍ത്തകരെന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണെന്നും കത്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ശോചനീയാവസ്ഥ സൂചിപ്പിക്കുന്ന ആഗോള സ്ഥാപനങ്ങളുടെ പരാമര്‍ശങ്ങളും കത്തില്‍ എടുത്തപറഞ്ഞിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണ്.

ഏതാനും ആഴ്ച മുമ്പ് പുറത്തുവന്ന പെഗസസ് സോഫ്റ്റ് വെയര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്താനും ഉപയോഗിച്ചിരുന്നു.

പുതിയ എഫ്ഡിഐ നയത്തിന്റെ ഭാഗമായി ആഗസ്ത് 26ന് യാഹൂ അവരുടെ ന്യൂസ് സൈറ്റ് അടച്ചുപൂട്ടി. വിദേശ പൗരന്മാരുടെ പേരിലുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഹഫ് പോസ്റ്റ് ഇന്ത്യയും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

2019 ആഗസ്ത് 5ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം കശ്മീരില്‍ റിപോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കുമെതിരേ ഭരണകൂടം കടുത്ത നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്.

കത്ത് സര്‍ക്കാരില്‍ ലഭിച്ച് അറുപത് ദിവസത്തിനുള്ളില്‍ മറുപടി അയച്ചില്ലെങ്കില്‍ റിപോര്‍ട്ട് പരസ്യമാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ആ കത്താണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കശ്മീര്‍ വാല പത്രത്തിന്റെ എഡിറ്റര്‍ ഫഹദ് ഷാക്കെതിരേ നിരവധി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതും സാമൂഹിക മാധ്യമം ഉപയോഗിച്ച് സ്വന്തം അഭിപ്രായം പറഞ്ഞ യുവാക്കള്‍ക്കെതിരേ നിയമവിരുദ്ധമായി നടപടിയെടുത്തതും അത് റിപോര്‍ട്ട ചെയ്ത മാധ്യമപ്രവര്‍ത്തന്‍ ഔക്വിബ് ജാവീദിനെ ജയിലിലടച്ചതും അദ്ദേഹത്തിന്റെ മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it