Latest News

കെയുഡബ്ല്യുജെ മലപ്പുറം ജില്ലാ സെക്രട്ടറിക്കു നേരെ പോലിസ് അതിക്രമം

കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്.

കെയുഡബ്ല്യുജെ മലപ്പുറം ജില്ലാ സെക്രട്ടറിക്കു നേരെ പോലിസ് അതിക്രമം
X
മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാസെക്രട്ടറിയും മാധ്യമം റിപ്പോര്‍ട്ടറുമായ കെപിഎം റിയാസിനെ (35) പൊലീസ് മര്‍ദ്ദിച്ചു.റിയാസ് തന്റെ നാടായ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സി ഐ ഫര്‍സാദിന്റെ അതിക്രമം. വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെ ടി.പി ഫര്‍ഷാദ് അടിച്ച് പരിക്കേല്‍പ്പിച്ചത്. കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം. അവിടെയെത്തിയ പൊലീസ് സംഘം വാഹനംനിര്‍ത്തി കടയിലേക്ക് കയറുകയും സി ഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്.


മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍ 'നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല ഞാന്‍ സി ഐ ഫര്‍സാദ് ആണ് ആരോടെങ്കിലും ചെന്ന് പറ' എന്ന് അധിക്ഷേപിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും ( 36 ) മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ എം ബിജുവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.







Next Story

RELATED STORIES

Share it