Latest News

ദലിത് കോളനിയിലെ പോലിസ് അതിക്രമം;സ്വമേധയാ കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷന്‍

ജാതീയമായ അധിക്ഷേപം നടത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ലെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി അഭിപ്രായപ്പെട്ടു

ദലിത് കോളനിയിലെ പോലിസ് അതിക്രമം;സ്വമേധയാ കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷന്‍
X

ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം ദലിത് കോളനിയില്‍ പോലിസ് അതിക്രമം നടത്തിയെന്ന പരാതിയില്‍ എസ്‌സി എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഒരാഴ്ചയ്ക്കകം സംഭവത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ എസ്പിക്ക് നിര്‍ദേശം നല്‍കി.

ജാതീയ അധിക്ഷേപം നടത്തി എന്നത് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് കമ്മീഷന്‍ കേസെടുത്തത്. ജാതീയമായ അധിക്ഷേപം നടത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ലെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി അഭിപ്രായപ്പെട്ടു.പോലിസിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം സ്ത്രീകളെ അടക്കം മര്‍ദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. കരീലക്കുളങ്ങര ഗ്രേഡ് എസ്‌ഐയും രണ്ട് പോലിസുകാരുമടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി.

പട്രോളിങിനിടെ അര്‍ധരാത്രിയില്‍ ചാമ്പക്കണ്ടം കോളനിയിലെ ഒരു വീട്ടില്‍ സംശയാസ്പദമായി രണ്ടുപേരെ കണ്ടത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോളനിയിലെ താമസക്കാരായ രാജീവ്, ശരത് എന്നിവരുടെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ വന്നവരെക്കുറിച്ച് പോലിസ് തിരക്കി. സുഹൃത്തുക്കളാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.എന്നാല്‍ ഇതിനിടേ പോലിസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.സംഘര്‍ഷത്തിനിടെ പോലിസ് സ്ത്രീകളടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്‌തെന്നുമാണ് ആരോപണം. സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ പ്രദേശവാസികള്‍ പോലിസ് ജീപ്പിന്റെ താക്കോലും ഊരിയെടുക്കുകയും,തടഞ്ഞുവെക്കുകയും ചെയ്തത് വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു.പോലിസിനെ അതിക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ശരത്, രാജീവ് എന്നിവരുള്‍പ്പെടെ മൂന്ന് പേരെ കരീലക്കുളങ്ങര പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം വീടിന് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം.

Next Story

RELATED STORIES

Share it