Latest News

പൂന്തുറയില്‍ ജനങ്ങളെ നേരിടാന്‍ പോലിസും പട്ടാളവും കമാന്റോകളും; കൊറോണയെ നേരിടാന്‍ ആകെ ഉള്ളത് ഒരു ആംബുലന്‍സ് മാത്രം

പൂന്തുറയില്‍ ജനങ്ങളെ നേരിടാന്‍ പോലിസും പട്ടാളവും കമാന്റോകളും; കൊറോണയെ നേരിടാന്‍ ആകെ ഉള്ളത് ഒരു ആംബുലന്‍സ് മാത്രം
X

തിരുവനന്തപുരം: കൊവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൂന്തുറയില്‍ കമാന്റോകളെ ഇറക്കി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരേ ജനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്ത് ജനങ്ങള്‍ വള്ളങ്ങളില്‍ പോകുന്നതും പുറത്തിറങ്ങുന്നതും തടയാന്‍ മാത്രമായി വന്‍ പോലിസ് സന്നാഹം ഒരുക്കുമ്പോള്‍ കൊവിഡ് ചികില്‍സയില്‍ ഏറ്റവും പ്രധാനമായ ആംബുലന്‍സ് പോലുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്ന ഗുരുതരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചികില്‍സാ സൗകര്യങ്ങളും അപകടകരമാംവിധം പരിമിതമാണ്.

പ്രദേശത്ത് ഇരുന്നൂറോളം കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും മത്സ്യബന്ധനത്തിന് പോകുന്നതും നിരോധിച്ചിരിക്കുകയാണ്. അത് ഉറപ്പുവരുത്താന്‍ മാത്രം വലിയൊരു പോലിസ് സേനയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നീ വിഭാഗങ്ങള്‍ പട്രോളിങ് നടത്തുന്നുണ്ട്. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇന്‍ ചാര്‍ജ്ജ് എല്‍. സോളമന്റെ നേതൃത്വത്തില്‍ 25 കമാന്റോകള്‍, എഡിജിപി ഡോ. ഷെയ്ക്ക്ക് ദെര്‍വേഷ് സാഹിബ്, ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം പോലിസ് സേന- ഇത്രയുമാണ് പ്രദേശത്ത ജനങ്ങളുടെ ചലനം തടയാന്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന സുരക്ഷാസേന.

എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും പ്രദേശത്തേക്ക് ആകെ ഒരു ആംബുലന്‍സാണ് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗികളായവര്‍ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് ആശുപത്രിയിലെത്തുന്നത്. വര്‍ക്കലയിലാണ് കൊവിഡ് ബാധിച്ച പൂന്തുറക്കാരെ ചികില്‍സിക്കുന്നത്. അവിടെ ഹാളുകളില്‍ 10-40 പേരെ തറയില്‍ നിരത്തിക്കിടത്തിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പുറത്തുവിട്ട വോയ്‌സ് ക്ലിപ്പുകളില്‍ പറയുന്നു. അതില്‍ കുട്ടികളും സ്ത്രീകളും ഗര്‍ഭിണികള്‍ പോലുമുണ്ട്. രോഗം ബാധിച്ചവരും അല്ലാത്തവരും ചികില്‍സ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആശുപത്രി വരാന്തകളില്‍ മണിക്കൂറുകളോളം കലര്‍ന്നിരിക്കേണ്ടിവരുന്നു. ആശുപത്രികളില്‍ ഭക്ഷണമില്ല, വെളളമില്ല, ശുചിമുറികളില്ല, ഇതൊന്നു പരാതിപ്പെടാന്‍ തദ്ദേശസ്ഥാപനങ്ങളിലുള്ളവരും സ്ഥലത്തില്ല. പൂന്തുറ പ്രദേശത്തുതന്നെ ഏതെങ്കിലു കെട്ടിടം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങളും നടക്കുന്നില്ല. കാസര്‍കോഡ് ചെയ്തതുപോലെ സ്‌പെഷ്യല്‍ ടീമിനെ കൊണ്ടുവന്ന് ചികില്‍സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള ആവശ്യം.

പ്രദേശവാസികള്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇത്രയും പോലിസ്, സൈനിക സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന പരാതി ജനങ്ങള്‍ ഉയര്‍ത്തിട്ടുണ്ട്. നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഭാഗമായി പൂന്തുറക്കാരെ കണക്കാക്കേണ്ട കാര്യമെന്താണെന്നാണ് ഇവരുടെ ചോദ്യം. കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കോളിളക്കങ്ങള്‍ മറയാക്കുന്നതിന് പൂന്തുറ പ്രദേശത്തെ ജനങ്ങളെ കുഴപ്പക്കാരായി സൃഷ്ടിച്ച് രാഷ്ടീയ നാടകങ്ങള്‍ കളിക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിരിക്കുന്നു. ചികിത്സാ, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ച് രോഗികളെ സംരക്ഷിക്കുന്നതിനു പകരം പൂന്തുറ നിവാസികള്‍ നിയമലംഘകരാണ് എന്ന തരത്തില്‍ പ്രശ്‌നത്തെ പര്‍വതീകരിക്കുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു.

പൂന്തുറയില്‍ താല്‍ക്കാലികമായി കൊവിഡ് ആശുപത്രി സജ്ജീകരിക്കണം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം, രോഗവ്യാപനം വേഗത്തില്‍ കണ്ടെത്തുന്നതിന് പരിശോധനാ സൗകര്യം വര്‍ധിപ്പിക്കണം, അവശ്യസാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യണം- തുടങ്ങിയ ആവശ്യങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it