Latest News

പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

നെടുങ്കണ്ടം: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്നതിനിടെ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. പ്രതികള്‍ക്ക് എസ്‌കോര്‍ട്ടു പോയ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവരെയാണ് ഇടുക്കി ജില്ലാ പോലിസ് മേധാവി വി യു കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്‌ക്കെതിരേ വകുപ്പുതല നടപടിയുമുണ്ടായേക്കും.

സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയോട് വിശദമായ അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചതിനുശേഷം കൂടുതല്‍ വകുപ്പുതല നപടിയുണ്ടാവുമെന്നാണ് സൂചന. മതിയായ സുരക്ഷയില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയത് പോലിസിന്റെ വലിയ വീഴ്ചയായാണ് വിലയിരുത്തല്‍. രണ്ട് പ്രതികളെ കൊണ്ടുപോവുമ്പോള്‍ അഞ്ച് പോലിസുകാരെങ്കിലും സുരക്ഷയ്ക്കായി വേണമെന്നിരിക്കെയാണ് രണ്ട് പോലിസുകാരെ സുരക്ഷാ ചുമതലയ്ക്കായി അയച്ചത്. ഇതിനിടെ പോലിസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ ഇനിയും കണ്ടെത്താനായില്ല.

പ്രതിയ്ക്കായി രണ്ടു ദിവസമായി വന്‍ പോലിസ് സന്നാഹത്തോടെ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലിസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ട് പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. സമീപത്തെ മിനി സിവില്‍ സ്‌റ്റേഷനു പിന്നിലെ കാട്ടിലേക്കു ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. പോലിസ് നായയെ എത്തിച്ചും ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പ്രതിയെ വലയിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it