Latest News

കൊവിഡ് 19: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇത്തവണ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി

കൊവിഡ് 19: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇത്തവണ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി
X

ന്യൂഡല്‍ഹി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഇത്തവണ നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒഡീഷയിലെ അവകാശസംഘടനകള്‍ സുപ്രിംകോടതിയെ സമീപിച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്ന് ഹരജിയില്‍ പറയുന്നു. ജൂണ്‍ 23നാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷികാഘോഷമായ പ്രശസ്തമായ രഥയാത്ര.

ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ പുരി ക്ഷേത്രത്തിലെ രഥയാത്രയും അക്ഷയ തൃതീയയും സ്‌നാന പൂര്‍ണിമയും നടത്താന്‍ അനുവദിച്ചിരിക്കുകയാണെന്ന് ഹരജി സമര്‍പ്പിച്ച ഒഡീഷ വികാസ് പരിഷദ് അറിയിച്ചു. രഥയാത്രയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തുമെന്നും അവര്‍ അറിയിച്ചു. ''2019 ലെ ഉല്‍സവത്തില്‍ 10 ലക്ഷം ഭക്തരാണ് തടിച്ചുകൂടിയത്. ഇത്തവണയും അത് സംഭവിച്ചാല്‍ ദുരന്തമായിരിക്കും ഫലം''

''ഇത്തരത്തിലുള്ള മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ജൂണ്‍ 1ാം തിയ്യതിയും ജൂണ്‍ 7ാം തിയ്യതിയും പുറത്തിറക്കിയ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിലക്കുണ്ട്. ഇത്തരം കൂടിച്ചേരലുകള്‍ നിയന്ത്രിക്കാനാവാത്ത വിധം വൈറസ് പ്രസരണം സൃഷ്ടിക്കുമെന്ന് മെയ് 30ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും ചൂണ്ടിക്കാട്ടുന്നു''-ഹരജിയില്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന് കൊവിഡ് രോഗബാധ തടയാന്‍ കഴിഞ്ഞെങ്കിലും പുറത്തുനിന്ന് വിരവധി പേര്‍ സംസ്ഥാനത്തെത്തിയതോടെ അത് കഴിയാതായി. ജൂലൈ 9നുള്ളില്‍ ഒഡീഷയിലെ രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് കണക്ക്. ഇതും ഗൗരവമായ പ്രശ്‌നമാണെന്ന് ഹരജിയില്‍ പറയുന്നു.

ഒഡീഷയില്‍ ഇതുവരെ 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,909 ആയി.

Next Story

RELATED STORIES

Share it