Latest News

കൊവിഡ് 19 പകര്‍ച്ചവ്യാധിയെ വര്‍ഗീയമായി അവതരിപ്പിക്കുന്ന മാധ്യമ റിപോര്‍ട്ടിങ്ങിനെതിരേ എസ്ഡിപിഐ ഹരജി മദ്രാസ് ഹൈക്കോടതിയില്‍

പല മാധ്യമങ്ങളും നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് വിഷയത്തെ 'കൊറോണ ജിഹാദ് ', കൊറോണ തീവ്രവാദം', ഇസ്ലാമിക കലാപം', കൊറോണ ബോംബ്' മുതലായ പദങ്ങളുപയോഗിച്ചാണ് റിപോര്‍ട്ട് ചെയ്തത്

കൊവിഡ് 19 പകര്‍ച്ചവ്യാധിയെ വര്‍ഗീയമായി അവതരിപ്പിക്കുന്ന മാധ്യമ റിപോര്‍ട്ടിങ്ങിനെതിരേ എസ്ഡിപിഐ ഹരജി മദ്രാസ് ഹൈക്കോടതിയില്‍
X

ചെന്നൈ: കൊവിഡ് 19 പകര്‍ച്ചവ്യാധിയെ വര്‍ഗീയമായി അവതരപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി കൈകൊളളാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി മദ്രാസ് ഹൈക്കോടതിയില്‍. പരിശോധിച്ച് ബോധ്യപ്പെട്ട വാര്‍ത്തകള്‍ മാത്രം റിപോര്‍ട്ട് ചെയ്യാനും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ തികഞ്ഞ ഉത്തരവാദിത്തം പുലര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്പിഡിഐ) സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂക്ക് ആണ് ഹരജി സമര്‍പ്പിച്ചത്. 2000 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ദില്ലിയിലെ മര്‍ക്കസ് നിസാമുദ്ദീനില്‍ കുടുങ്ങിപ്പോയ നിര്‍ഭാഗ്യകരമായ സംഭവം മാധ്യമങ്ങള്‍ വര്‍ഗീയമായാണ് റിപോര്‍ട്ട് ചെയ്തതെന്നും മുഴുവന്‍ മുസ്‌ലിം സമുദായത്തെയും പിശാചുവല്‍ക്കരിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരു മാര്‍ഗമായി അത് ഉപയോഗപ്പെടുത്തിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. പല മാധ്യമങ്ങളും നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്ത് വിഷയത്തെ 'കൊറോണ ജിഹാദ് ', കൊറോണ തീവ്രവാദം', ഇസ്ലാമിക കലാപം', കൊറോണ ബോംബ്' മുതലായ പദങ്ങളുപയോഗിച്ചാണ് റിപോര്‍ട്ട് ചെയ്തത്.

സൂഫി അനുയായികള്‍ കൂട്ടത്തോടെ വായു വലിച്ചുവിടുന്നതും ചില മുസ്‌ലിം വിഭാഗങ്ങള്‍ പാത്രങ്ങള്‍ നക്കുന്നതുമായ വീഡിയോകള്‍ ഉപയോഗിച്ച് മുസ്‌ലിങ്ങള്‍ കൊറോണ പരത്തുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. മുസ്‌ലിം സമുദായത്തെ മോശമായി അവതരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് ഉമര്‍ ഫാറൂക്ക് ചൂണ്ടിക്കാട്ടി. കൂടാതെ 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (റെഗുലേഷന്‍) നിയമത്തിലെ 19ാം വകുപ്പിന്റെ ലംഘനവുമാണ്.

വിദ്വേഷം കലര്‍ന്ന റിപോര്‍ട്ടിങ് ശൈലി മറ്റുള്ളവര്‍ക്ക് മുസ്‌ലിം സമുദായത്തോട് ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ഇടയാക്കുന്നതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും വാര്‍ത്താമാധ്യമങ്ങള്‍ക്കുമെതിരേ ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കാതിരിക്കുകയാണെങ്കില്‍ സമുദായ സൗഹാര്‍ദ്ദം പരിപാലിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത അവര്‍ നിറവേറ്റുന്നില്ലെന്ന് കണക്കാക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും മാധ്യമസ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി കൈകൊള്ളാന്‍ നിര്‍ദേശിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

നേരിട്ട് ശരിയെന്ന് ബോധ്യപ്പെടാത്ത വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യരുതെന്ന മാര്‍ച്ച് 31, 2020ലെ മാധ്യമങ്ങളോടുള്ള സുപ്രിം കോടതിയുടെ നിര്‍ദേശങ്ങള്‍ പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ റിപോര്‍ട്ടിങ് ശൈലി സമുദായ സൗഹാര്‍ദ്ദം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതും സമുദായികവൈര്യം വര്‍ധിപ്പിക്കുന്നതുമാണ്. കൊവിഡ് വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും സുപ്രിം കോടതിയുടെ നിര്‍ദേശമുണ്ട്.

വിഷയത്തില്‍ പോലിസിന്റെ നിഷ്‌ക്രിയത്വവും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിവിധ ജില്ലകളില്‍ ഇരുന്നൂറോളം പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പലതിലും നടപടി കൈകൊണ്ടിട്ടില്ല. പരാതികളില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ യൂസഫ് ഇമ്രാന്‍ അടങ്ങുന്ന അഭിഭാഷകരാണ് എസ്ഡിപിഐയ്ക്കു വേണ്ടി ഹാജരായത്.

Next Story

RELATED STORIES

Share it