Latest News

കേരളത്തില്‍ സ്ത്രീകള്‍ക്കായി ഇനി മുതല്‍ പിങ്ക് ബസ്സ്, ആലപ്പുഴയില്‍ കുട്ടനാടന്‍ സഫാരി; ഗതാഗത-ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ സ്ത്രീകള്‍ക്കായി ഇനി മുതല്‍ പിങ്ക് ബസ്സ്, ആലപ്പുഴയില്‍ കുട്ടനാടന്‍ സഫാരി; ഗതാഗത-ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതവും ടൂറിസവും കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്ത്രീകളുടെ സുരക്ഷയും യാത്രാസൗകര്യവും മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കായി മാത്രം സര്‍വീസ് നടത്തുന്ന 'പിങ്ക് ബസ്സ്' പദ്ധതി ഉടന്‍ കേരളത്തിന്റെ നിരത്തുകളിലെത്തുമെന്ന് മന്ത്രി അറിയിച്ചു. ബസ്സിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരിക്കും.

പിങ്ക് ബസ് പദ്ധതിയുടെ ഭാഗമായാണ് 'പിങ്ക് ടാക്‌സി' എന്ന ആശയവും അവതരിപ്പിച്ചത്. ബസ്സില്‍നിന്ന് ഇറങ്ങുന്ന സ്ത്രീകള്‍ക്ക് അവസാന ലക്ഷ്യസ്ഥാനത്തേക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഷെയര്‍ ടാക്‌സി മാതൃകയിലാണ് ഈ സംവിധാനം നടപ്പാക്കുക. പദ്ധതിക്കായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിര്‍ദേശം സമര്‍പ്പിക്കുമെന്നും, ധനസഹായം ലഭിക്കുന്നതോടെ പിങ്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനൊപ്പം, ആലപ്പുഴയുടെ ജലഗതാഗത മേഖലയിലും ടൂറിസത്തിലും പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 'കുട്ടനാടന്‍ സഫാരി' എന്ന പദ്ധതിയും പ്രഖ്യാപിച്ചു. ജലഗതാഗതത്തെയും ടൂറിസത്തെയും ഏകീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയില്‍നിന്ന് ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുട്ടനാടിന്റെ സംസ്‌കാരം, കല, പൈതൃകം എന്നിവ അനുഭവപരിചയമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം. യാത്രയ്ക്കിടെ കയറുപിരിക്കല്‍, ഓലമെടയല്‍, പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കാണാനും പഠിക്കാനും അവസരമുണ്ടാകും. കുട്ടനാടിന്റെ തനതു ഭക്ഷണവിഭവങ്ങളും യാത്രയുടെ ഭാഗമാകും. പാതിരാമണലില്‍ അവസാനിക്കുന്ന യാത്രയില്‍ വിവിധ കലാപ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it