Latest News

അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍

ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു

അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍
X

തിരുവനന്തപുരം: ആരോഗ്യമന്ത്രി നടപടി ഭീഷണി മുഴക്കിയിട്ടും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാര്‍. നാളെ മുതല്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാകുന്നില്ലെന്നും പി ജി ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പി ജി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാല് മാസം മുമ്പ് ടോക്കണ്‍ സമരം നടത്തിയപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ പല വാഗ്ദാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. ഇന്നലെ നടത്തിയ അനുനയ ചര്‍ച്ചയിലടക്കം ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നത് ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കാമെന്ന് വാക്കാല്‍ ഉറപ്പ് മാത്രമാണ് ആരോഗ്യമന്ത്രിയില്‍ നിന്ന് ലഭിച്ചത്. വാക്കാല്‍ ലഭിച്ച ഉറപ്പിന്‍മേല്‍ മാത്രം സമരം പിന്‍വലിക്കേണ്ടെന്നാണ് ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ പറയുന്നത്. രേഖാമൂലം ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍, പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it