Latest News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; കെടി ജലീല്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം;  കെടി ജലീല്‍
X

മലപ്പുറം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ഡോ. കെടി ജലീല്‍ അറിയിച്ചു. ജില്ലയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ഗൗരവമായി തന്നെ പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സഹകരണം ഉറപ്പുവരുത്താനായി കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആരോഗ്യജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പലയിടങ്ങിലും വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമെല്ലാം ജനങ്ങള്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും തടിച്ചു കൂടുന്ന സാഹചര്യമുണ്ട്. ഇത്തരം ആരോഗ്യ ജാഗ്രത ലംഘനങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. പൊതുജനങ്ങള്‍ ആരോഗ്യസുരക്ഷാ ഉറപ്പുവരുത്താനായി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൊവിഡിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത കൊവിഡ് 19 പ്രതിരോധ സാമഗ്രികള്‍ പൊതുജനങ്ങള്‍ക്കിടെയില്‍ വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ഉല്‍പന്നങ്ങള്‍ ജില്ലയില്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികളെടുക്കാന്‍ പോലിസിന് മന്ത്രി നിര്‍ദേശം നല്‍കി.

കൊവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതദേഹം മാനദണ്ഡങ്ങള്‍ അനുസരിച്ച് എവിടെയും സംസ്‌കരിക്കാം എന്നിരിക്കെ ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആശങ്കകള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലിരിക്കാന്‍ വീടുകളില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇനി വരുന്ന ആളുകള്‍ എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തോടെ അത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപന അധികൃതര്‍ പരിശോധന നടത്തി മതിയായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ അനുമതി നല്‍കുകയുള്ളൂ. മഴക്കാലമെത്തിയ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍്ക്കും മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, എഡിഎം എന്‍ എം മെഹറലി, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, എന്‍എച്ച്എം ജില്ലാപ്രോഗ്രാം മാനേജല്‍ ഡോ. എ ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it