Latest News

സെര്‍വര്‍ തകരാറില്‍ വലഞ്ഞ് ജനം; സംസ്ഥാനത്ത് ഇന്നും റേഷന്‍ മസ്റ്ററിങ് തടസ്സപ്പെട്ടു

സെര്‍വര്‍ തകരാറില്‍ വലഞ്ഞ് ജനം; സംസ്ഥാനത്ത് ഇന്നും റേഷന്‍ മസ്റ്ററിങ് തടസ്സപ്പെട്ടു
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ മസ്റ്ററിങ് തടസ്സപ്പെട്ടു. ഇ-പോസ് സെര്‍വര്‍ തകരാര്‍ ഇന്നും തുടര്‍ന്നതോടെയാണ് റേഷന്‍ മസ്റ്ററിങ് തടസ്സപ്പെട്ടത്. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. പ്രശ്‌നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും. റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍.

അതേസമയം, റേഷന്‍ കടകളില്‍ സംഘര്‍ഷം ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി കുറ്റപ്പെടുത്തി. ഒരേസമയം സംസ്ഥാനം മുഴുവന്‍ മസ്‌റ്റെറിങ് നടത്താന്‍ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ കടകളില്‍ കെവൈസി നടപടികള്‍ വൈകുകയാണ്. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തില്‍ ഇന്നലെ മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അനില്‍ അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ആരംഭിച്ചെങ്കിലും വീണ്ടും തടസ്സം നേരിടുകയായിരുന്നു.

ഫെബ്രുവരി 20നാണ് സംസ്ഥാനത്ത് മസ്റ്ററിങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ് പൂര്‍ത്തിയാക്കിയത് 15 ലക്ഷം കാര്‍ഡ് ഉടമകള്‍ മാത്രമാണ്. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നിര്‍ദേശം. മസ്റ്ററിങ് നടക്കുന്നതിനാല്‍ നാളെ വരെ റേഷന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it