Latest News

പതഞ്ജലി ഡയറി ബിസിനസ് മേധാവി കൊവിഡ് ബാധിച്ച് മരിച്ചു; അലോപതി ചികില്‍സയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കമ്പനി

പതഞ്ജലി ഡയറി ബിസിനസ് മേധാവി കൊവിഡ് ബാധിച്ച് മരിച്ചു; അലോപതി ചികില്‍സയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കമ്പനി
X

ജയ്പൂര്‍: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഡയറീസ് മേധാവി സുനില്‍ ബന്‍സാല്‍ രാജസ്ഥാനില്‍ കൊവിഡ് ബാധിച്ചു മരിച്ചു. സുനിലിന്റെ ചികില്‍സയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് പതഞ്ജലി കമ്പനി വ്യക്തമാക്കി. അലോപ്പതി ചികില്‍സ മണ്ടന്‍ ശാസ്്ത്രമാണെന്ന ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയെത്തുടര്‍ന്നാണ് വിശദീകരണവുമായി കമ്പനി തന്നെ മുന്നോട്ടുവന്നത്.

57 വയസ്സുകാരനായ ഡയറി ഡിവിഷന്‍ മേധാവി ഏതാനും ദിവസങ്ങളായി ജയ്പൂരിലെ രാജസ്ഥാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രാജസ്ഥാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥയാണ്- കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

തങ്ങള്‍ സുനിലിന് അലോപ്പതി ചികില്‍സയാണ് നല്‍കുന്നതെന്നും മറ്റ് തരം ചികില്‍സകളൊന്നും നല്‍കിയിട്ടില്ലെന്നും ആശുപത്രി പ്രസിഡന്റ് ഡോ. വിരേന്ദ്ര സിങ് പറഞ്ഞു. ഏതാനും ദിവസമായി സുനില്‍ നോണ്‍ ഇന്‍ക്ലൂസീവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വെന്റിലേറ്ററിലേക്ക് പൂര്‍ണമായി മാറ്റി.

ബാബ രാംദേവ് നിരന്തരം വിളിച്ചിരുന്നുവെന്നും ഏതാനും മരുന്നുകള്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ അതല്ല പിന്തുടര്‍ന്നിരുന്നതെന്നും ഡോക്ടര്‍ സിങ് പറഞ്ഞു. എന്തു മരുന്നാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. അത് രോഗിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഡയറി സയന്‍സ് വിദഗ്ധരിലൊരാളായ ബന്‍സാല്‍ 2018ലാണ് പതഞ്ജലിയില്‍ ചേര്‍ന്നത്.

അലോപ്പതിക്കെതിരേ ബാബ രാംദേവ് എടുത്ത നിലപാട് വിവാദമായിരിക്കെയാണ് പതഞ്ജലിയുടെത്തന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളെയും ബാബ രാംദേവ് ചോദ്യം ചെയ്തു. ബാബ രാംദേവിനെതിരേ ഐഎംഎയും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും രംഗത്തുവന്നിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it