Latest News

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം അപകടകരം; അത് പ്രതികളെ രക്ഷപ്പെടുത്തുമെന്നും എഴുത്തുകാരി പി ഗീത

പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുവിക്കുന്നതിനു പിന്നില്‍ ബാഹ്യസ്വാധീനമുണ്ടെന്ന ഗുരുതരമായ ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം അപകടകരം; അത് പ്രതികളെ രക്ഷപ്പെടുത്തുമെന്നും എഴുത്തുകാരി പി ഗീത
X

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന ആവശ്യം പ്രതികളെ രക്ഷപ്പെടുത്താന്‍ മാത്രമേ പ്രയോജനപ്പെടൂ എന്നും ആ ആവശ്യത്തോടൊപ്പം നില്‍ക്കാനാവില്ലെന്നും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ ഡോ. പി ഗീത. കേരളത്തില്‍ നടന്ന സ്ത്രീപീഡന കേസുകളില്‍ സജീവമായി ഇടപെട്ട ആളാണ് അവര്‍. സിബിഐ പരമ്മോന്നത അന്വേഷണ ഏജന്‍സിയാണെങ്കിലും സ്ത്രീപീഡന കേസിലുള്ള അവരുടെ ഇടപെടലുകള്‍ ഇരകളാക്കപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്നും അവര്‍ എഫ്ബിയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പീഡനക്കേസുകളില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടുകള്‍ കോടതികള്‍ പല തവണ മടക്കിയിട്ടുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അവര്‍ തന്റെ ആശങ്ക വ്യക്തമാക്കിയത്.

സൂര്യനെല്ലി, കവിയൂര്‍ കേസുകളില്‍ സിബിഐ ഇരകളെ അപമാനിക്കുന്ന തരത്തിലായിരുന്നു ഇടപെട്ടത്. പെണ്‍കുട്ടി മരിച്ച കവിയൂര്‍ കിളിരൂര്‍ കേസില്‍ സിബിഐ റിപോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍ സഹായിക്കുന്നതായിരുവെന്നും ടീച്ചര്‍ ആരോപിക്കുന്നു. '' സി ബി ഐ പരമോന്നത അന്വേഷണ ഏജന്‍സിയായിരിക്കാം. പക്ഷേ സൂര്യനെല്ലി, കവിയൂര്‍ കിളിരൂര്‍ സംഭവങ്ങളിലെ സി ബി ഐ അന്വേഷണം പെണ്‍കുട്ടികളെ അപമാനിക്കും വിധമായിരുന്നുവെന്നു നമുക്കറിയാം. കവിയൂര്‍ കിളിരൂര്‍ കേസുകളിലെ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി എത്ര തവണ മടക്കിയെന്ന് ഓര്‍ക്കുക. പെണ്‍കുട്ടികള്‍ മരിക്കുകയും മുഖ്യതെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത കവിയൂര്‍ കിളിരൂര്‍ കേസുകളിലെ സി ബി ഐ അന്വേഷണവും റിപ്പോര്‍ട്ടും പ്രതികളെ രക്ഷിക്കുന്നതായാണ് കണ്ടത്.'' അവര്‍ പറയുന്നു.

ആതേസമയം, വാളയാര്‍ കേസില്‍ തെളിവുകള്‍ വളരെ കുറവാണ്. മാത്രമല, പോലിസും പ്രോസിക്യൂഷനും ഒത്തുകളിക്കുകയും ചെയ്തു. മറ്റു കേസുകളിലുള്ളത്ര തെളിവുകള്‍ പോലും ഇതില്‍ അവശേഷിച്ചിട്ടില്ല. അതിനാല്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ പുനരന്വേഷണമാണ് വാളയാര്‍ കേസില്‍ വേണ്ടത്. കേരള പോലിസിലെ വിശ്വാസ്യതയുള്ള ഋഷിരാജ് സിങ്ങിനെ പോലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് അവരുടെ അഭിപ്രായം.

പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുവിക്കുന്നതിനു പിന്നില്‍ ബാഹ്യസ്വാധീനമുണ്ടെന്ന ഗുരുതരമായ ആരോപണവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താല്‍പര്യമുള്ള ചിലര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നതെന്നാണ് ആരോപണം. ''രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതികള്‍ പിടിക്കപ്പെടുകയെന്ന ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടെന്ന് ഒരു ഘട്ടത്തിലും ഇതുവരെ എനിക്കു തോന്നിയിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അവരുയര്‍ത്തുന്നതു തന്നെ എതിരാളികളെ നിഷ്പ്രഭമാക്കാനും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടാനും വേണ്ടി മാത്രമായിരുന്നു എന്നാണ് ഇതുവരെയുമുള്ള അനുഭവം. അതു കൊണ്ട് പ്രമാദമായ കേസുകളില്‍ എപ്പോഴുമവര്‍ സി ബി ഐ അന്വേഷണമെന്നു പറഞ്ഞു കൊണ്ടിരിക്കുക കേരളത്തില്‍ പതിവുമാണ്. വാളയാര്‍ കേസിന്റെ കാര്യത്തിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നാം ഭയക്കേണ്ടതുണ്ട്. കാരണം ഈ കേസിലും രാഷ്ട്രീയ സംഘടനകള്‍ രക്ഷിക്കാനാഗ്രഹിക്കുന്നവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാളയാര്‍ കേസിന്റെ നാള്‍വഴികള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ സി ബി ഐ അന്വേഷണം പ്രസ്തുത പ്രതികളെ രക്ഷിച്ചെടുക്കാനുള്ള പതിനെട്ടടവും ഇവര്‍ പയറ്റും. അതില്‍ നിന്നു വേറിട്ട് സ്വതന്ത്രമായ ഒരു ഇച്ഛാശക്തിയോ കര്‍ത്തവ്യബോധമോ സ്ത്രീപീഡനക്കേസുകളുടെ കാര്യത്തില്‍ സിബിഐ അന്വേഷണത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി ഇതുവരെ അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.''

Next Story

RELATED STORIES

Share it