Latest News

'പോലിസിന്റെ പലതരം നെറികേടുകള്‍ കണ്ട നാടാണ് നമ്മുടേത്'; തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി

പോലിസിന്റെ പലതരം നെറികേടുകള്‍ കണ്ട നാടാണ് നമ്മുടേത്; തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പോലിസിന്റെ പലതരം നെറികേടുകള്‍ കണ്ട നാടാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനുള്ള മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും 1947ന് ശേഷം കേരളത്തില്‍ ഏറ്റവുമധികം പോലിസ് മര്‍ദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

താന്‍ ജനിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ ആയിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയിലായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ മറുപടി പ്രസംഗം തുടങ്ങിയത്. കയ്യൂരിലും കരിവള്ളൂരിലും കര്‍ഷക സമരങ്ങള്‍ക്ക് നേരെ നടന്ന അടിച്ചമര്‍ത്തലുകള്‍, ദിവാന്‍ ഭരണകാലത്ത് അഞ്ചുരൂപ പോലിസിന്റെ സിംസണ്‍ പടയുടെ ക്രൂരതകള്‍, കടക്കല്‍, കല്ലറ, പാങ്ങോട് സമരങ്ങളില്‍ ജനങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ഇതെല്ലാം നേരത്തെ നടന്നതായിരുന്നുവെങ്കില്‍ 1947ന് ശേഷം ഏറ്റവും കൂടുതല്‍ മര്‍ദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അത് സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ രാജ്യത്ത് നടന്നിരുന്നത്. അന്ന് ഇവിടെ ഏതെല്ലാം തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയത് എന്നത് എല്ലാവര്‍ക്കും അറിയാമെന്നും കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ പ്രകടനം പോലും നടത്താന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. പ്രകടനം നടത്തുമ്പോള്‍ അതിന് നേരെ പോലിസ് ചാടി വീണ് തല്ലിപ്പിരിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ തുടര്‍ച്ചയായിരുന്നു അത്. ജന്മിമാര്‍ക്കെതിരേ മുദ്രാവാക്യം വിളിക്കാന്‍ പറ്റില്ല, ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രക്ഷോഭം നടത്താന്‍ പറ്റില്ല. അങ്ങനെ ഉണ്ടായാല്‍ തല്ലിപ്പിരിക്കുമായിരുന്നു. ആ പോലീസുകാര്‍ അത്തരത്തില്‍ ചെയ്തത് അവര്‍ക്ക് സംരക്ഷണം കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016 മേയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലിസുകാരെയാണ് പിരിച്ചു വിട്ടത്. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആകെ 144 പോലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇത്തരത്തില്‍ ഏതെങ്കിലും ഒരു നടപടി ഭരണത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട് എന്ന് പറയാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തങ്ങള്‍ സ്വീകരിക്കുന്ന നില തെറ്റുചെയ്യുന്നവര്‍ക്കെതിരേ കര്‍ക്കശമായ നടപടി എന്നതാണ്. അത് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഈ നാട്ടില്‍ പോലിസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന ഒരു വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു? ഇതൊക്കെ സാധാരണഗതിയില്‍ പ്രതീക്ഷിക്കാവുന്ന കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Next Story

RELATED STORIES

Share it