Latest News

അവയവങ്ങള്‍ വിറ്റ് കടം വീട്ടാം; മൃതദേഹം വൈദ്യുതിക്കമ്പനിക്ക് നല്‍കണമെന്നെഴുതി വച്ച് മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു

അവയവങ്ങള്‍ വിറ്റ് കടം വീട്ടാം; മൃതദേഹം വൈദ്യുതിക്കമ്പനിക്ക് നല്‍കണമെന്നെഴുതി വച്ച് മധ്യപ്രദേശില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു
X

ഭോപ്പാല്‍: വൈദ്യുതിബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വിതരണ കമ്പനിയുയര്‍ത്തിയ സമ്മര്‍ദ്ദത്തിനൊടുവില്‍ യുവ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തന്റെ ശരീരം വൈദ്യുതി കമ്പനിയായ ഡിസ്‌കോമിന് നല്‍കണമെന്നും അവര്‍ക്ക് അവയവങ്ങള്‍ വിറ്റ് തന്റെ കടം ഈടാക്കാമെന്നും സൂചിപ്പിക്കുന്ന കുറിപ്പും മരണശേഷം കണ്ടെടുത്തു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം.

മത്ഗുവാന്‍ ഗ്രാമത്തിലെ 35 വയസ്സുള്ള മുനേന്ത്ര രജ്പുത്തിനെ വീടിനടുത്ത കിണറിലാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബില്ലടയ്ക്കാത്തതിനാല്‍ കമ്പനി അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിളും ധാന്യമില്ലും കണ്ടുകെട്ടിയിരുന്നു.

ധാന്യംമില്ലും മോട്ടോര്‍ സൈക്കിളും പിടിച്ചെടുക്കുകമാത്രമല്ല, വൈദ്യുതി കമ്പനി ജീവനക്കാര്‍ തന്റെ സഹോദരനെ പരസ്യമായി അപമാനിക്കുകയും ചെയ്‌തെന്ന് രജ്പുത്തിന്റെ സഹോദരന്‍ ലോകേന്ദ്ര ആരോപിച്ചു. ''എന്റെ സഹോദരന്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നു. കഴിഞ്ഞ ഖാരീഫ് വിള വലിയ നഷ്ടമായിരുന്നു. ധാന്യമില്ലായിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം. അത് ഛത്തര്‍പൂര്‍ റൂറല്‍ ഡിസ്‌കോം കമ്പനി ജീവനക്കാര്‍ പിടിച്ചെടുത്തു. കടം വീട്ടാന്‍ കുറച്ചുകൂടെ സമയം ചോദിച്ചെങ്കിലും അവര്‍ അത് നല്‍കിയില്ലെന്നു മാത്രമല്ല, അപമാനിക്കുകയും ചെയ്തു''- സഹോദരന്‍ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി കുടുംബത്തിന് ജില്ലാ കലക്ടര്‍ ഷീലേന്ദ്ര സിങ് 25,000 രൂപ അനുവദിച്ചു. മധ്യപ്രദേശിലെ ബുണ്ടേല്‍ഖണ്ഡിലെ നാലാമത്തെ ആത്മഹത്യയാണ് ഇത്. നേരത്തെ പന്ന ജില്ലയില്‍ രണ്ടു പേരും സഗര്‍ ജില്ലയില്‍ ഒരാളും ആത്മഹത്യ ചെയ്തിരുന്നു.

ശിവരാജ് സിങ് ചൗഹാന്റെ സല്‍ഭരണം കാപട്യം മാത്രമാണെന്നും ആത്മഹത്യ ചെയ്ത കര്‍ഷകന്റെ അവയവങ്ങള്‍ വിറ്റ് 88,000 രൂപയുടെ കടം വീട്ടണമെന്ന കര്‍ഷകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുമോ എന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ഭൂപേന്ദ്ര സിങ് ചോദിച്ചു.

Next Story

RELATED STORIES

Share it