Latest News

ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന

ഓപ്പറേഷൻ മൂൺ ലൈറ്റ്: ഹോട്ടലുകളിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന
X

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ 'മൂണ്‍ലൈറ്റ്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ 81.7 കോടി രൂപയുടെ വിറ്റ്‌വരവ് വെട്ടിപ്പ് കണ്ടെത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതിനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. 32 ഹോട്ടലുകളില്‍ ജൂണ്‍ 29ന് വൈകിട്ട് 7.30 ന് തുടങ്ങിയ പരിശോധന 30ന് രാവിലെ ആറുമണിയ്ക്കാണ് പൂര്‍ത്തിയായത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും വ്യാപകമായി ജി.എസ്.ടി നികുതിവെട്ടിപ്പ് നടക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 12 ജില്ലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി ബില്ലുകള്‍ സ്ഥാപനത്തില്‍ നിന്നും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്' എന്ന പേരില്‍ രാത്രികാലപരിശോധന നടത്തിയത്. ഹോട്ടലുകളില്‍ ശരാശരി ഒരു ദിവസം നടക്കുന്ന വിറ്റുവരവും ജിഎസ്ടി റിട്ടേണില്‍ വെളിപ്പെടുത്തുന്ന വിറ്റുവരവും തമ്മിലുള്ള അന്തരം കണ്ടെത്തുക എന്നതായിരുന്നു പരിശോധനയുടെ പ്രാഥമിക ലക്ഷ്യം.

യഥാര്‍ത്ഥ വിറ്റുവരവ് കാണിക്കാതെയും രജിസ്‌ട്രേഷന്‍ എടുക്കാതെയും റിട്ടേണുകള്‍ സമര്‍പ്പിക്കാതെയുമാണ് പല ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. ഉപഭോക്താവിന്റെ കയ്യില്‍ നിന്നും പിരിച്ച ശേഷം സാര്‍ക്കാരിലേക്ക് അടയ്ക്കാത്ത നികുതിയുടെ തോതും നികുതി പിരിക്കാന്‍ അനുവാദമില്ലാത്ത ഹോട്ടലുകള്‍ നികുതി പിരിച്ചിട്ടുണ്‍േണ്ടാ എന്ന കാര്യവും വകുപ്പ് പരിശോധിച്ചു വരികയാണ്.

പ്രതിവര്‍ഷം 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള എല്ലാ ഹോട്ടലുകളും ജിഎസ്ടി നിയമപ്രകാരം രജിസ്‌ട്രേഷന്‍ എടുക്കുകയും അഞ്ചു ശതമാനം നികുതി അടയ്ക്കുകയും വേണം. വര്‍ഷം 365 ദിവസം പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ പ്രതിദിനം ശരാശരി 5,479 രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ എടുക്കണം. തെറ്റായ കണക്കുകള്‍ കാണിച്ച് രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കാനും നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജോയിന്റ് കമ്മീഷണര്‍ (ഐ.ബി) സാജു നമ്പാടന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ (ഐ.ബി) വിന്‍സ്റ്റണ്‍, ജോണ്‍സണ്‍ ചാക്കോ, മധു.എന്‍.പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ജി.എസ്.ടി ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലെയും ഇന്റലിജന്‍സ് സ്‌ക്വാഡുകളിലെയും ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്. ഹോട്ടലുകളിലെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന നികുതി വകുപ്പ് കമ്മിഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it