Latest News

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: ഹൈദരാബാദില്‍ 16 പേരെ അറസ്റ്റ് ചെയ്തു

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരിശീലനം നേടിയ നൂറുകണക്കിന് ചെറുപ്പക്കാരെ കോള്‍ സെന്ററുകള്‍ നിയോഗിച്ചിട്ടുണ്ട്. കടം വാങ്ങിയ പണവും പലിശയും വീണ്ടെടുക്കുന്നതിന് ഇരകളെ ദുരുപയോഗം ചെയ്യുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഇവരുടെ ജോലിയായിരുന്നു.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: ഹൈദരാബാദില്‍ 16 പേരെ അറസ്റ്റ് ചെയ്തു
X

ഹൈദരാബാദ്: 35 ശതമാനം വരെ പലിശ ഈടാക്കുന്ന ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ 16 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ 423 കോടി രൂപ നിക്ഷേപമുള്ള 75 ബാങ്ക് അക്കൗണ്ടുകള്‍ ഹൈദരാബാദ് പോലീസ് മരവിപ്പിച്ചു. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അംഗീകരിക്കാത്ത 30 മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. പണമിടപാടുകാര്‍ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പണമിടപാട് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.


ഹൈദരാബാദിലും ഹരിയാനയിലെ ഗുഡ്ഗാവിലും നടത്തിയ പരിശോധനകള്‍ക്കു ശേഷമാണ് 16 പേരെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നിന്ന് ബിരുദമുള്ള എഞ്ചിനീയര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. 32 കാരിയായ ശരത് ചന്ദ്ര 2018 -19 ല്‍ ആരംഭിച്ച ജൂനിയര്‍ ക്രെഡിറ്റ് െ്രെപവറ്റ് ലിമിറ്റഡ്, ക്രെഡിറ്റ് ഫോക്‌സ് ടെക്‌നോളജീസ് എന്നീ രണ്ട് കമ്പനികള്‍ വഴിയാണ് ഇടപാടുകളില്‍ അധികവും നടത്തിയത്. ബെംഗളൂരുവിലെ കമ്പനികളാണ് മൊബൈല്‍ ലോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചു നല്‍കിയത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലൂടെയും ഗുഡ്ഗാവ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോള്‍ സെന്ററുകള്‍ വഴിയുമാണ് ഇരകളെ സമീപിച്ചിരുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരിശീലനം നേടിയ നൂറുകണക്കിന് ചെറുപ്പക്കാരെ കോള്‍ സെന്ററുകള്‍ നിയോഗിച്ചിട്ടുണ്ട്. കടം വാങ്ങിയ പണവും പലിശയും വീണ്ടെടുക്കുന്നതിന് ഇരകളെ ദുരുപയോഗം ചെയ്യുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഇവരുടെ ജോലിയായിരുന്നു.


മൂന്ന് കോള്‍ സെന്ററുകളില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. അവരില്‍ പലരും കോളേജ് ബിരുദധാരികളാണ്, പ്രതിമാസം 10,000 മുതല്‍ 15,000 വരെയാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. അഴിമതിയുടെ യഥാര്‍ത്ഥ വ്യാപ്തി മനസ്സിലാക്കാന്‍ 'മള്‍ട്ടിസിറ്റി' അന്വേഷണം ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. അനധികൃത ഡിജിറ്റല്‍ വായ്പ പ്ലാറ്റ്‌ഫോമുകള്‍ വഴി കൊള്ളപ്പലിശക്കാരുടെ വലയില്‍ കുരുങ്ങുന്നതിനെതിരെ റിസര്‍വ് ബാങ്ക് വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it