Latest News

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്

2020 ആഗസ്ത് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്
X

സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 12 പേര്‍ മാത്രം ദുരന്തത്തെ അതിജീവിച്ചു. ഇരുള്‍പുലര്‍ന്നപ്പോള്‍ പെട്ടിമുടിയില്‍ കണ്ട കാഴ്ച്ച അത്യന്തം ഭയാനകവും സമാനതകള്‍ ഇല്ലാത്തതുമായിരുന്നു.ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കിടയിലൂടെ നാടൊന്നാകെ ദുരന്തഭൂമിയിലേക്കോടിയെത്തി. കണ്‍മുമ്പില്‍ കാണുന്നതിലും വലുതായിരുന്നു പെട്ടിമുടിയില്‍ സംഭവിച്ചത്. വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന എംഎം മണിയുള്‍പ്പെടെയുള്ള വിവിധ മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും ദുരന്തബാധിതമേഖലയില്‍ നേരിട്ടെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ ഏകോപിപ്പിച്ചു.

പെട്ടിമുടിയിലെ തിരച്ചിലില്‍ കിലോമീറ്ററുകള്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. കൊവിഡ് ആശങ്ക നിലനിന്നിട്ടും ഒറ്റകെട്ടായി കൈമെയ് മറന്നെല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഒരു മാസത്തോടടുത്ത തിരച്ചില്‍ ജോലികള്‍ക്കൊടുവില്‍ നാല് പേരൊഴികെ മറ്റെല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌ക്കരിച്ചു.

ദുരന്തത്തില്‍ മരിച്ചവരെ സമീപത്തെ മൈതാനത്താണ് അടക്കം ചെയ്തത്. ദുരന്തം നടന്ന് ഒരാണ്ട് പിന്നിടുമ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും ഇവിടെ പ്രത്യേകമായി കല്ലറകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. സ്ലാബുകള്‍ക്ക് മുകളില്‍ ഓരോരുത്തരുടെയും പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പെട്ടിമുടി ദുരന്തശേഷമുള്ള സര്‍ക്കാരിന്റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും ഇടപെടലും പുനരധിവാസവും വേഗത്തിലായിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കമ്പനിയുടെ സഹായത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണവും സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

ഉറ്റവരെ കവര്‍ന്നെടുത്ത ദുരന്തഭൂമിയോട് ദുരന്തത്തെ അതിജീവിച്ചവരും യാത്രപറഞ്ഞ് പോയി കഴിഞ്ഞു. ദുരന്ത ഭീതിയില്‍ പെട്ടിമുടി ഡിവിഷനില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബങ്ങളും കമ്പനിയുടെ മറ്റ് എസ്‌റ്റേറ്റുകളിലേക്ക് താമസം മാറി. രാജമല, നയമക്കാട്, കന്നിമല, അരുവിക്കാട്, മാട്ടുപ്പെട്ടി, ദേവികുളം തുടങ്ങിയ വിവിധ എസ്‌റ്റേറ്റുകളിലായി കമ്പനി കുടുംബങ്ങള്‍ക്ക് താമസും ജോലിയും ലഭ്യമാക്കി.

Next Story

RELATED STORIES

Share it