Latest News

ഓണം: ഓഫറുകളുമായി വ്യാപാരമേഖല സജീവം

ഓണം: ഓഫറുകളുമായി വ്യാപാരമേഖല സജീവം
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കൊവിഡ് നടുവൊടിച്ച വ്യാപാരമേഖല ഇത്തവണത്തെ ഓണത്തിന് തിരിച്ചുവരവിന്റെ പാതയിലാണ്. വ്യാപാരികള്‍ ഓണം മുന്നില്‍ക്കണ്ട് കൂടുതല്‍ സ്‌റ്റോക്കുകളെത്തിച്ച് ആഘോഷമാക്കാനൊരുങ്ങുന്നു. ഇപ്പോള്‍ത്തന്നെ കടകളില്‍ ഓഫറുകളുടെ പെരുമഴയാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുമുണ്ട്. വസ്ത്രവിപണിയിലും ഇലക്‌ട്രോണിക്‌സ് മേഖലയിലുമാണ് ഇളവുകള്‍ അധികവും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ബോണസ് കാലമായതിനാല്‍ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കൂടുതല്‍ വിറ്റഴിയുന്നതിനാല്‍ പ്രതീക്ഷയിലാണ് വ്യാപാരികള്‍. രണ്ടുവര്‍ഷം അടച്ചിടലുകളും നിയന്ത്രണങ്ങളും നടുവൊടിച്ചപ്പോള്‍ നിരവധി ചെറുകിട കച്ചവടക്കാര്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുടെ സമ്മര്‍ദമില്ലായ്മ ആശ്വാസം നല്‍കുമ്പോള്‍ ഇപ്പുറത്ത് വില്ലനായി ജിഎസ്ടിയുണ്ട്. ഖാദി-കൈത്തറി മേളകള്‍ക്ക് പലയിടങ്ങളിലും തുടക്കമായി. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ സ്‌റ്റോക്കെത്തിച്ചുതുടങ്ങി. ഓണത്തിന് രുചി പകരാന്‍ ഒരുങ്ങുകയാണ് കാറ്ററിങ്‌മേഖല. വിഭവസമൃദ്ധമായ സദ്യ വീട്ടിലെത്തിക്കും. പാലടപ്രഥമനും പത്തു മുതല്‍ ഇരുപതുകൂട്ടം വിഭവങ്ങള്‍വരെ ഉള്‍ക്കൊള്ളുന്ന സദ്യ ഇത്തവണ കാറ്ററിങ് സ്ഥാപനങ്ങള്‍ ഒരുക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷങ്ങളില്‍ കൊവിഡ് രൂക്ഷമായപ്പോള്‍ വീടുകള്‍ക്കകത്തായിരുന്നു ആഘോഷം. ഓര്‍ഡര്‍ അനുസരിച്ച് സദ്യ വീടുകളിലേക്ക് എത്തിച്ചുകൊടുക്കും. ഓണക്കാലത്ത് കച്ചവടത്തില്‍ 40 മുതല്‍ 50 ശതമാനംവരെ വര്‍ധനയുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it