Latest News

ഒമിക്രോണ്‍: സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വിശദാംശങ്ങള്‍ ഇതാ

ഒമിക്രോണ്‍: സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; വിശദാംശങ്ങള്‍ ഇതാ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുതുടങ്ങിയതോടെ സംസ്ഥാനങ്ങള്‍ നേരത്തെ വേണ്ടെന്നുവച്ച നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആലോചിക്കുന്നു. പല സംസ്ഥാനങ്ങളും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് വിവിധ രീതിയിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. തല്‍ക്കാലം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോകാനുള്ള സാധ്യതയില്ലെങ്കിലും ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചുതുടങ്ങി. ചൈനയില്‍ വുഹാനിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രണങ്ങളെ സംബന്ധിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ആലോചിക്കാന്‍ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് 6.30നാണ് യോഗം.

ഡല്‍ഹി:

കൊവിഡ് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഒത്തുചേരലും നഗരത്തില്‍ അനുവദിക്കില്ല. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ എല്ലാ പരിപാടികളും നിരോധിച്ചു. തലസ്ഥാന പ്രദേശത്ത് ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി സാംസ്‌കാരിക പരിപാടികളോ ഒത്തുചേചരലുകളോ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണം. ജില്ലാ മജിസ്‌ട്രേറ്റുകളും ഡിസിപിമാരും അവരവരുടെ പ്രദേശങ്ങളില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള പരിശോധന നടത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളിലും ബാറുകളുലും ശേഷിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാം. വിവാഹത്തിന് ഏറ്റവും കൂടിയത് 200 പേര്‍.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ഏത് പരിപാടികള്‍ നടത്തണമെങ്കിലും മുന്‍കൂര്‍ അനുമതി തേടണം. പരിപാടികളില്‍ 200ലധികം പേര്‍ പാടില്ല. പരിപാടികളില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് റിപോര്‍ട്ട് ചെയ്യാന്‍ പ്രതിനിധികളെ അയക്കും. നിയന്ത്രണങ്ങള്‍ പാലിച്ചുവെന്ന് കെട്ടിട, ഹോട്ടല്‍, ഹാള്‍ ഉടമകള്‍ ഉറപ്പുവരുത്തണം. ഹാളുകളില്‍ ശേഷിയുടെ 50 ശതമാനംപേര്‍ക്കും ഓപ്പണ്‍ ഹാളുകളില്‍ 25 ശതമാനംപേര്‍ക്കും മാത്രം പങ്കെടുക്കാം.

കര്‍ണാടക

എല്ലാ ജില്ലാ, താലൂക്ക് അധികാരികളോടും സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ക്വാറന്റീന്‍ നടപടികളും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടിക 24 മണിക്കൂറിനകം തയ്യാറാക്കണം.

പ്രൈമറി സമ്പര്‍ക്കത്തിലുള്ളവരെ ആദ്യ ദിവസംതന്നെ പരിശോധിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ഹോം ക്വാറന്റീന്‍ ഏഴ് ദിവസമാണ്. അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തുന്നവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ തുടരണം. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധനവേണ്ടിവരും. ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവരുടെ നിര്‍ദേശിക്കപ്പെട്ട ജോലികള്‍ കൃത്യമായി നടപ്പാക്കണം.

ഹരിയാന

രണ്ട് വാക്‌സിന്‍ എടുക്കാത്ത മുതിര്‍ന്നവര്‍ പൊതുസ്ഥലത്തെത്തുന്നതില്‍ വിലക്കുണ്ട്. ഹാളുകള്‍, മാര്‍ക്കറ്റുകള്‍, സിനിമാഹാളുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കും ഇത് ബാധകം. ജനുവരി ഒന്നുമുതല്‍ ഇത് ബാധകം. 2 വാക്‌സിന്‍ എടുക്കാക്കത്തവര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവേശനമില്ല.

ജമ്മു കശ്മീര്‍

പരിശോധന ശക്തമാക്കും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി നടപ്പാക്കണം. ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യതയോടെ പാലിക്കണം. ഡെപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ക്കാണ് ചുമതല. യാത്രാചരിത്രമില്ലാത്ത ഒമിക്രോണ്‍ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പ്രത്യേകം തയ്യാറാക്കണം.

ഒഡീഷ

കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് യോഗം ചേരും. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it