Latest News

ഒമിക്രോണ്‍: സംസ്ഥാനതല നിയന്ത്രണങ്ങള്‍ ഇങ്ങനെ!

ഒമിക്രോണ്‍: സംസ്ഥാനതല നിയന്ത്രണങ്ങള്‍ ഇങ്ങനെ!
X

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതുവരെ 422 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 130 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍, 108 പേര്‍. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്, 76 പേര്‍. ഗുജറാത്ത് 43, തെലങ്കാന 41, കേരളം 38, തമിഴ്‌നാട് 34 എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും തിരികെയെത്തിത്തുടങ്ങിയിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും നിയന്ത്രണങ്ങള്‍ ചുരുക്കി താഴെ നല്‍കുന്നു.

കര്‍ണാടക

കര്‍ണാടക സര്‍ക്കാരാണ് അവസാനം നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. രാത്രി 10 മുതല്‍ രാവിലെ 5 മണിവരെ കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവും. പുതുവല്‍സരാഘോഷങ്ങളും നിയന്ത്രിക്കും.

ഡിജെ പാര്‍ട്ടി മുതല്‍ ഒരു പരിപാടിക്കും അനുമതിയുണ്ടാവില്ല. ഭക്ഷണം വിളമ്പുന്ന ഇടങ്ങളില്‍ ശേഷിയുടെ അമ്പത് ശതമാനം പേര്‍ക്ക് പ്രവേശനാനുമതിയുണ്ടാവും.

ഹരിയാന

ഹരിയാനയിലും രാത്രി കര്‍ഫ്യൂ പ്രാബല്യത്തിലുണ്ട്. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. 200 പേരില്‍ കൂടുതല്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുചേരാന്‍ ആവില്ല.

കൊവിഡ് വ്യാപനശേഷി കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. കൂടാതെ വാക്‌സിനേഷനും വര്‍ധിപ്പിക്കണം.

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 5 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട.് രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് രാത്രി നിയന്ത്രണം. പൊതുപരിപാടികള്‍ക്കു നിയന്ത്രണമുണ്ട്.

ഓഡിറ്റോറിയങ്ങളില്‍ 100 പേരില്‍ കൂടുതല്‍ പാടില്ല. ജിം, സ്പാ, ഹോട്ടല്‍, തിയ്യറ്റര്‍, സിനിമാഹാള്‍ എന്നിവിടങ്ങളില്‍ ശേഷിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ഓക്‌സിജന്‍ ആവശ്യകത 800 മെട്രിക് ടണ്‍ ആകുന്നതുവരെ ലോക്ക് ഡൗണ്‍ ഉണ്ടാവില്ല.

ഉത്തര്‍പ്രേദശ്

യുപിയിലും രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 200 പേരില്‍ കൂടുതല്‍ പേര്‍ ഒത്തുചേരാനാവില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് വില്‍പ്പന പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഡല്‍ഹി

ഡല്‍ഹി സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതിയില്ല. ബാറിലും റെസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കും.

ഗുജറാത്ത്

ഗുജറാത്ത് ഡിസംബര്‍ 20 മുതല്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടി. രാത്രി 1 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. പോര്‍ബന്ദര്‍, ജാംനഗര്‍, അഹമ്മദാബാദ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

മധ്യപ്രദേശ്

മധ്യപ്രദേശില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ 5 വരെയാണ് നിരോധനം. കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായി പാലിക്കണം.

തമിഴ്‌നാട്

നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം ഇതൊക്കെ ഉറപ്പുവരുത്തണം.

ബംഗാള്‍

ബംഗാളിലും നിയന്ത്രണങ്ങളുണ്ടാവും. രാത്രി 11നും 5നും ഇടയില്‍ രാത്രികാല കര്‍ഫ്യൂ ഉണ്ടാകും. അവശ്യവസ്തുക്കളുടെ വിതരണത്തെ ഇതില്‍ നിന്ന് ഒവിവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it