Latest News

ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം

ഒമിക്രോണ്‍: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല നിയന്ത്രണം; രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം
X

തിരുവനന്തപുരം: നിലവിലെ ഒമിക്രോണ്‍ സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങള്‍ ( രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ) ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

പുതുവത്സരാഘോഷങ്ങള്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ മതിയായ അളവില്‍ പോലിസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലിസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

സംസ്ഥാനത്തു 98 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുമാണ്.

ഒമിക്രോണ്‍ ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇന്‍ഡോര്‍ വേദികളില്‍ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകര്‍ ഉറപ്പുവരുത്തണം.

കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാമെന്നും, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിലെ അര്‍ഹരായവര്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വേദ/ ഹോമിയോ മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ്. എസ്എസ്എല്‍സി, പ്ലസ്ടുപരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്താന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് ആകെ 57 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. ഒമിക്രോണ്‍ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഡെല്‍റ്റ വൈറസിനേക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാല്‍ ഒമിക്രോണ്‍ വൈറസ് വ്യാപനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാല്‍ ആവശ്യമായി വരുന്ന മരുന്നുകള്‍, ബെഡ്ഡുകള്‍, സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

ജില്ലകളിലെ കൊവിഡ് വ്യാപനത്തെപ്പറ്റിയും നിയന്ത്രണപ്രവര്‍ത്തനങ്ങളെ പറ്റിയും ജില്ലാ കലക്ടര്‍മാര്‍ വിശദീകരിച്ചു.

ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ ജനിതക സീക്വന്‍സിങ്ങ് നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ജനുവരി അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ചു ഓക്‌സിജന്‍ ഉത്പ്പാദനശേഷിയുള്ള ആശുപത്രികളെല്ലാം ഓക്‌സിജന്‍ ഉത്പ്പാദനവും, സംഭരണവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it