Latest News

ഒക്ടോബര്‍ 28: ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ പെണ്‍പോരാട്ട പ്രതിജ്ഞ

ഒക്ടോബര്‍ 28: ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ പെണ്‍പോരാട്ട പ്രതിജ്ഞ
X

എറണാകുളം: സംഘ്പരിവാര്‍ ഗുജറാത്തില്‍ പരീക്ഷിച്ച വംശീയ ഉന്മൂലനം ഇന്ത്യയിലാകെ വ്യാപിപ്പിക്കുമെന്നതിന്റെ മുന്നറിയിപ്പുകളാണ് യുപിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദലിത് അതിക്രമങ്ങളും ബലാല്‍സംഗക്കൊലകളും. കത്വയിലും ഉന്നാവിലും നടത്തിയ ജാതിബലാല്‍സംഗക്കൊലയാണ് ഹാഥ്‌റസിലും ആവര്‍ത്തിച്ചത്. ഇത്തരം ബലാല്‍സംഗങ്ങളെയും കൊലകളെയും കേവല പീഡനങ്ങളുടെ പട്ടികയില്‍ പെടുത്താനാവില്ല. ഇതിനെതിരേ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് സംസ്ഥാനത്തുടനീളമുള്ള കവലകളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പോരാട്ട പ്രതിജ്ഞ ചൊല്ലി ഉല്‍ഘാടനം നിര്‍വഹിക്കും.

''സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇരകളുടെ നീതി നിഷേധിക്കുകയും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന പ്രവണതകള്‍ ഗുജറാത്തിലും യുപിയിലും കശ്മീരിലെ കത്വയിലും ആവര്‍ത്തിക്കുന്നത് ബലാല്‍സംഗത്തെ സംഘ്പരിവാര്‍ ആയുധമാക്കുന്നതിനെ ഊട്ടിയുറപ്പിക്കുന്നതാണ്. സവര്‍ണ വംശീയ രാഷ്ട്രീയത്തെ അഡ്രസ് ചെയ്ത്‌കൊണ്ടുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയല്ലാതെ സാമൂഹിക നീതി സ്ഥാപിക്കുവാനാവുകില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് യുപിയാണ്. ദലിത് സ്ത്രീകള്‍ക്കെതിരായ പീഡനത്തില്‍ ദേശീയ തലത്തില്‍ 7. 3 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യോഗി അധികാരത്തില്‍ വന്നതിനു ശേഷം. ബലാല്‍സംഗത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധനവാണ് യുപിയിലുണ്ടായിരിക്കുന്നത്- വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീവിരുദ്ധമായ ജാതിമേധാവിത്വ രാഷ്ട്രസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന സംഘ്പരിവാര്‍, ബലാല്‍സംഗത്തെ വംശഹത്യയുടെ ആയുധമായിക്കാണുന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഹാഥറസ് ഒരു സൂചകമാണ്. സ്റ്റേറ്റും ക്രിമിനലുകളും ഒന്നാകുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹാഥറസിലെ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത വാര്‍ത്ത ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യപരമായ പെണ്‍പോരാട്ടത്തില്‍ അടിയുറച്ചുനില്‍ക്കുവാനുള്ള പ്രതിജ്ഞ ഏറ്റവും പ്രസക്തമായ കാലത്ത്, ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തുന്നതും രാഷ്ട്ര പുനര്‍നിര്‍മാണത്തിനാവശ്യമായതുമായ പോരാട്ടങ്ങളില്‍ അടിയുറച്ചു നില്‍ക്കുവാനുള്ള പ്രതിജ്ഞ ഇരകളാക്കപ്പെടുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടുമുള്ള ബാധ്യതയും മനുഷ്യാവകാശത്തിന്റെ പൂര്‍ത്തീകരണവുമാണെന്ന് എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

സ്ത്രീ അതിക്രമങ്ങളെക്കുറിച്ച കൊളാഷ്, പോരാട്ട ഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്‌കാരങ്ങളും അനുബന്ധമായി ഉണ്ടാകും. അസൂറ ടീച്ചര്‍(വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി), ആബിദ വൈപ്പിന്‍(വിമന്‍ ജസ്റ്റിസ് എറണാകുളം ജില്ല പ്രസിഡന്റ്), രമണി കൃഷ്ണന്‍കുട്ടി(വിമന്‍ ജസ്റ്റിസ് എറണാകുളം ജില്ല ജന. സെക്രട്ടറി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it